nella
നെല്ലാട് - കിഴക്കമ്പലം റോഡ് നിർമാണം നെല്ലാട് ഭാഗത്ത് തുടങ്ങിയപ്പോൾ

കിഴക്കമ്പലം: നിർമ്മാണ പ്രവർത്തനം തുടങ്ങിയതോടെ കാത്തിരിപ്പിനൊടുവിൽ നെല്ലാട് കിഴക്കമ്പലം റോഡ് ഇക്കുറി മുഖം മിനുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനിടയിൽ പലതവണ അറ്റകുറ്റപ്പണി നടത്തി പണം മുഴുവൻ വെള്ളത്തിലായതോടെ ഒടുവിൽ ബി.എം, ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് 10.45 കോടിരൂപ കെ.ആർ.എഫ്.ബി അനുവദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികൾ ഇന്നലെ നെല്ലാട് ഭാഗത്ത് നിന്ന് തുടങ്ങി. നിലവിലെ റോഡ് നിർമ്മാണത്തിന് മുമ്പായി ജൽജീവൻ മിഷൻ പൈപ്പിടുന്ന ജോലികൾക്ക് അനുമതി നൽകിയിട്ടില്ല. മൂവാ​റ്റുപുഴ വാഴപ്പിള്ളി മുതൽ കാക്കനാട് വരെയുള്ള നാലുവരിപ്പാതയുടെ നിർമ്മാണം തുടങ്ങാനുള്ള നീക്കങ്ങൾ സജീവമായിരിക്കെയാണ് കനത്ത മഴയിൽ തകർന്ന റോഡ് പുനർനിർമ്മിക്കുന്നത്. നിലവിൽ പൈപ്പ് സ്ഥാപിക്കുന്നത് നാലുവരിപ്പാതയുടെ നിർമ്മാണത്തെ ബാധിക്കുമെന്നതിനാലാണ് ഡി.പി.ആർ നടപടി പൂർത്തിയായ ശേഷം പൈപ്പിട്ടാൽ മതിയെന്ന തീരുമാനത്തിലെത്തിയത്.

പട്ടിമ​റ്റം മുതൽ കിഴക്കമ്പലം വരെ അ​റ്റകു​റ്റപ്പണിക്ക് 1.34 കോടിയും നെല്ലാട് മുതൽ പട്ടിമ​റ്റം വരെ 1.10 കോടിയും അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല. ഇതോടെ വീണ്ടും 1.59 കോടി കൂടി അനുവദിച്ചു. എന്നാൽ ആദ്യം അനുവദിച്ച തുക കൊണ്ട് പണി പൂർത്തിയായ ഭാഗം മഴ കനത്തതോടെ വീണ്ടും പഴയ പടിയായി. റോഡിൽ കാൽനടയാത്ര പോലും സാദ്ധ്യമാകാത്ത അവസ്ഥയിലാണ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഇപ്പോൾ തുക അനുവദിച്ചത്. കെ.ആർ.എഫ്.ബി, കിഫ്ബി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് പുനർനിർമ്മാണ ടെൻഡർ നടപടികൾ പൂർത്തിയായി നിർമ്മാണം തുടങ്ങിയത്.