മൂവാറ്റുപുഴ: വിവിധ ഫണ്ടുകൾ വെട്ടികുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ ധർണ നടത്തി. മുൻ വർഷം നിർമാണം പൂർത്തിയാക്കി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ ബില്ല് സമർപ്പിച്ചിട്ടും മാർച്ച് 31നകം പാസാക്കി നൽകാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ഇതോടെ നിരവധി വർക്കുകൾ സ്പിൽ ഓവർ പട്ടികയിലായി. പിന്നീട് ഈ വർഷം സമർപ്പിച്ച പദ്ധതിയിൽ കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ ചൂണ്ടിക്കാട്ടി ഒരു കോടി നാൽപത്തിരണ്ട് ലക്ഷം രൂപയുടെ ഫണ്ട് വെട്ടി ചുരുക്കി. പ്ലാൻ ഫണ്ടിൽ നിന്ന് 34,27,615 രൂപയും റോഡ്സ് ഫണ്ടിൽ നിന്ന് 1,06,93,799 രൂപയും വെട്ടികുറച്ചു. ഇതിന് പുറമെ പെൻഷൻ ഫണ്ട് ഇനത്തിൽ ആറ് കോടി രൂപ സംസ്ഥാന സർക്കാർ നഗരസഭക്ക് നൽകാനുണ്ടെന്നും ചെയർമാൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെരുക്കി വികസനം മുരടിപ്പിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. കൗൺസിലർ കെ.കെ. സുബൈർ അദ്ധ്യക്ഷനായി.
ഭരണസമിതിയുടെ
കഴിവുകേടെന്ന് പ്രതിപക്ഷം
നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് പദ്ധതികൾ മുടങ്ങാൻ കാരണമെന്ന് എൽ.ഡി.എഫ് കൺവീനർമാർ ആരോപിച്ചു. മൂലം കാവുങ്കരയിലെ റോട്ടറി റോഡ് അറ്റകുറ്റപ്പണികൾ നടത്തിയില്ലെന്നും റോഡിലെ കുഴികളിൽ അപകടങ്ങൾ വർദ്ധിച്ചു. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായി അനുവദിച്ച ഫണ്ടിൽ 40 ശതമാനം മാത്രമാണ് നഗരസഭ ചിലവഴിച്ചത്. യു.ഡി.എഫിലെ ചേരിതിരിവ് മൂലം നഗരസഭ ഭരണം സ്തംഭനാവസ്ഥയിലായതാണ് വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ആർ രാകേഷ് പറഞ്ഞു.