പറവൂർ: പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമം മഠാധിപതിയായിരുന്ന സ്വാമിനി അമൃതമാതയുടെ നൂറാം ജന്മദിനം ആഘോഷിച്ചു. ആശ്രമത്തിൽ പുലർച്ചെ ഗുരുധർമ്മ പ്രചാരണ സഭ പറവൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ഗുരുദേവകൃതി പാരായണത്തോടെ ആഘോഷ ചടങ്ങുകൾ തുടങ്ങി. അനിരുദ്ധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, ഗണപതിഹോമം, ഹോമന്ത്രാർച്ച എന്നിവയും 101 വിദ്യാർത്ഥികളുടെ ദൈവദശക ആലാപനത്തിന് ശേഷം ആശ്രമത്തിൽ നിന്ന് ശാന്തിയാത്രയും നടന്നു, വാവക്കാട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ജന്മശതാബ്ദി സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ഡോ. പി.വി. സുരാജ്ബാബു അദ്ധ്യക്ഷനായി. ഇ.എസ്. ഷീബ, സി.എൻ. രാധാകൃഷ്ണൻ, കൃഷ്ണമണി, തമ്പി കല്ലുപുറം, ഷൈജു മനയ്ക്കപ്പടി, എം.പി. ബിനു, എം.എം. പവിത്രൻ, കെ.എസ്. ശ്രീകുമാർ, ഒ.ബി. സോമൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുപൂജക്ക് ശേഷം അന്നദാനവും നടന്നു.