കോതമംഗലം: നേര്യമംഗലം വില്ലാഞ്ചിറയിൽ വീണ്ടും കൂറ്റൻ മരം റോഡിലേക്ക് മറിഞ്ഞു വീണു. ഇന്നലെ വെളുപ്പിന് 4 മണിക്കാണ് വലിയ മരം കടപുഴകി റോഡിന് കുറുകെ വീണത്. ആ സമയം റോഡിലൂടെ വാഹനങ്ങൾ ഒന്നും വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കോതമംഗലം ഫയർഫോഴ്സ് യൂണിറ്റെത്തി രണ്ട് മണിക്കൂർ കൊണ്ടാണ് മരം വെട്ടി ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് നിരവധി മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത്. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് മരം മുറിക്കാത്തതിന് പിന്നിൽ എന്നും ഇനിയും മരങ്ങൾ മുറിച്ചു മാറ്റാൻ താമസിച്ചാൽ റോഡ് ഉപരോധം ഉൾപ്പടെയുള്ള സമര പരിപാടികൾ ജനങ്ങൾ ആരംഭിക്കുമെന്നും കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജൻ ചാക്കോ പറഞ്ഞു.