കൊച്ചി: മേല്പാത നിർമ്മിക്കുന്ന അരൂർ -തുറവൂർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ ജില്ലാ കളക്ടർ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോതി ഉത്തരവിട്ടു. റോഡിലെ യാത്രാദുരിതം തുടരുന്നതായി അമിക്കസ് ക്യൂറി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വീണ്ടും നിർദ്ദേശിച്ചത്. മേല്പാത നിർക്കുന്നിടത്ത് 3.5 മീറ്റർ വീതിയിൽ സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന് അമിക്കസ് ക്യുറി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അരൂർ, ചന്തിരൂർ മേഖലയിലാണ് ഏറ്റവും യാത്രാക്ളേശം. വെള്ളക്കെട്ടാണ് പ്രധാനപ്രശ്‌നം.

തേവര -കുണ്ടന്നൂർ റോഡ് തകരാനുള്ള കാരണങ്ങൾ അറിയിക്കാമെന്ന് പൊതുമരമത്ത് വകുപ്പ് അറിയിച്ചു. തകർന്ന തൃശൂർ -കുന്നംകുളം റോഡിന്റെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് സർക്കാർ അറിയിച്ചു. റോഡ് തകർന്നതിന് എക്‌സിക്യുട്ടീവ് എൻജിനിയറെ സസ്‌പെൻഡ് ചെയ്യുകയും ചീഫ് എൻജിനിയറെ സ്ഥലംമാറ്റുകയും ചെയ്തതായും സർക്കാർ അറിയിച്ചു.