k

കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരിൽ ഫണ്ട് ശേഖരിക്കുന്നതിന് നിയന്ത്രണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി സമർപ്പിച്ച നടനും അഭിഭാഷകനുമായ കാസർകോട് സ്വദേശി സി. ഷുക്കൂറിന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി. ഹർജി തള്ളിയ കോടതി പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അടയ്ക്കാനും ഉത്തരവിട്ടു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പിഴ ചുമത്തിയത്.

ഫണ്ട് ദുരുപയോഗം സംബന്ധിച്ച യാതൊരു തെളിവും ഹാജരാക്കാൻ ഹർജിക്കാരനായില്ല. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാതെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രശസ്തിക്കുവേണ്ടി നൽകിയാതാണോ ഹർജിയെന്നും കോടതി ചോദിച്ചു. സർക്കാരിന്റെ അനുമതി വാങ്ങാതെ ഫണ്ട് ശേഖരിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. സംഘടനകളുടെ അക്കൗണ്ടുകൾ വഴി ശേഖരിക്കുന്നത് നിരീക്ഷിക്കാനോ മേൽനോട്ടം വഹിക്കാനോ സംവിധാനമില്ല. ശേഖരിക്കുന്ന ഫണ്ട് അർഹർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാൻ കഴിയാത്തതിനാൽ നിയന്ത്രണം വേണമെന്നായിരുന്നു ആവശ്യം. സംഘടനകൾ ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.