ചോറ്റാനിക്കര: ഭക്തിനിർഭരമായ ചടങ്ങുകളോടെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു. ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേകവാടത്തിൽ മേൽശാന്തി സി. എസ്. രാമചന്ദ്രൻ എമ്പ്രാന്തിരി ആചാരപരമായി നെല്ലിൻകറ്റ മുറിച്ച് വെള്ളിത്തളികയിൽ ശിരസിലേറ്റി. വാദ്യഘോഷങ്ങളുടെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിന് വലം വെച്ച് അകത്ത് അരിപ്പൊടി അണിഞ്ഞ് സജ്ജമാക്കിയ മുഖമണ്ഡപത്തിൽ വച്ചതോടെ നിറച്ചടങ്ങുകൾ ആരംഭിച്ചു. അടനിവേദ്യം നടത്തി നാളികേരം ഉടച്ചു. കർപ്പൂരാരാധനയ്ക്ക് ശേഷം ഭഗവതിയുടെ ശ്രീകോവിലിൽ മേൽശാന്തി നിറക്കതിർകറ്റ സമർപ്പിച്ച് നിറ നടത്തി.