ആലുവ: സോഷ്യൽ മീഡിയയിൽ അസഭ്യവർഷം നടത്തിയ രണ്ട് പേർ പൊലീസ് പിടിയിലായി. നീണ്ടൂർ സ്വദേശി ഹരിശങ്കർ (27), വെളിയന്നൂർ സ്വദേശി ജോജിൻ ജോണി (23) എന്നിവരാണ് ആലുവ സൈബർ പൊലീസിന്റെ പിടിയിലായത്. ഫാൻസ് ഫൈറ്റേഴ്സ് സോഷ്യൽ മീഡിയ വഴി അസഭ്യവർഷം, അശ്ലീല കമന്റുകൾ, വ്യക്തിഗത ആക്ഷേപം എന്നിവ നടത്തിയതിനാണ് പിടിയിലായത്. കല്ലൂർക്കാട് സ്വദേശിക്കെതിരെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും പോസ്റ്റുകൾ ഇടുകയും അക്കൗണ്ടിൽ അശ്ലീല കമന്റുകൾ ഇടുകയും ചെയ്തതിനാണ് അറസ്റ്റ്. പരാതിക്കാരനും പ്രതികളും ഒരേ തമിഴ് സൂപ്പർസ്റ്റാർ ഫാൻ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. പിന്നീട് തെറ്റി പിരിഞ്ഞു. ഇപ്പോൾ വ്യത്യസ്ത സൂപ്പർസ്റ്റാറുകളുടെ ഫാൻ ഗ്രൂപ്പുകളിലെ അംഗങ്ങളാണ്. തുടർന്നാണ് തർക്കത്തിന് തുടക്കം.
അറപ്പുളവാക്കുന്ന കമന്റുകളാണ് പിടിയിലായവർ പോസ്റ്റ് ചെയ്തിരുന്നത്. വ്യത്യസ്ത അക്കൗണ്ടുകൾ വഴിയായിരുന്നു പ്രതികളുടെ "ആക്രമണം". 2021 കലൂർക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ പരാതി ലഭിച്ചത് പരിഹരിച്ചിരുന്നു. പ്രതിയായ ഹരിശങ്കറിന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ മൂന്ന് ഫേക്ക് അക്കൗണ്ടുകളുണ്ട്. രണ്ട് ഫാൻ ഫൈറ്റിംഗ് ഗ്രൂപ്പിലും അംഗമാണ്. ജോജിൻ ജോണിക്കും ഫേക്ക് അക്കൗണ്ടുണ്ട്. ഫാൻ ഫൈറ്റ് ഗ്രൂപ്പിലും അംഗമാണ്. ഇൻസ്പെക്ടർ ആർ. റോജ്, സബ് ഇൻസ്പെക്ടർമാരായ സി.ആർ. ഹരിദാസ്, എം.അജേഷ്, എ.എസ്.ഐ ആർ. ഡെൽജിത്ത് തുടങ്ങിയവർക്കാണ് അന്വേഷണച്ചുമതല.