കൊച്ചി: വൈദ്യുതാഘാതം മൂലമുള്ള ദുരന്തങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ഫെഡറേഷൻ ഒഫ് ഇലക്ട്രിക്കൽ എൻജിനിയേഴ്‌സ് ഫോർ ഇലക്ട്രിക്കൽ സേഫ്റ്റി (എൻ.എഫ്.ഇ) കേരള ചാപ്റ്റർ പ്രവർത്തനം തുടങ്ങി. കൊച്ചി റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.എഫ്.ഇ ദേശീയ പ്രസിഡന്റ് എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പ്രതിവർഷം 12000 മുതൽ14000 പേർ വരെ വൈദ്യുതാഘാതമേറ്ര് മരിക്കുന്നുണ്ടെന്നും വൈദ്യുത ഉപകരണങ്ങളുടെ തെറ്റായ ഇൻസ്റ്റലേഷനും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിലെ അലംഭാവവുമാണ് ഇത്രയേറെ മരണങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ 10ലക്ഷം പേരിൽ 700പേർ അപകടത്തിന് ഇരയാകുമ്പോൾ മറ്റ് രാജ്യങ്ങളിൽ ഇത് ദശലക്ഷത്തിന് 45-50 മാത്രമാണ്. ഇത്തരം ഗുരുതരമായ സ്ഥിതിവിശേഷം ലഘൂകരിക്കുന്നതിന് ബോധവത്കരണവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലനവും സർട്ടിഫിക്കേഷനും നൽകുക എന്നതും എൻ.എഫ്.ഇ യുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുവർഷംമുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച എൻ.എഫ്.ഇ ഇലക്ട്രിക്കൽ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി 24 ശിൽപശാലകളും 300ലധികം വെബിനറുകളും, 2500ൽപ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇലക്ട്രിക്കൽ സുരക്ഷാ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. എൻ.എഫ്.ഇ ജനറൽ സെക്രട്ടറി അപ്പാവൂ സുബ്ബയ്യ, എൻജിനിയർ പ്രമോദ് എന്നിവർ സംസാരിച്ചു. ആധുനിക ഇന്ത്യയിൽ ഇലക്ട്രിക്കൽ സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിൽ എൻ.എഫ്.ഇയുടെ പങ്ക്, സി.ഇ.എ ചട്ടങ്ങൾ പാലിക്കൽ എന്നീ വിഷയങ്ങളിൽ സെമിനാറും പാനൽചർച്ചയും നടത്തി.