പള്ളുരുത്തി: കുമ്പളങ്ങി - പെരുമ്പടപ്പ് പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിൽ യാത്രക്കാർക്ക് ആശങ്ക. പാലത്തിലെ ഫില്ലറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലാണ് വിള്ളലുകൾ ഉണ്ടായത്. പാലത്തിലെ കോൺക്രീറ്റ് പൊട്ടി ചെറിയ കുഴികളും രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കുഴികളിൽ സിമന്റിട്ടും ചെറിയ രീതിയിൽ ടാർ ഷീറ്റൊട്ടിച്ചും താത്കാലിക കുഴി അടക്കലുകൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അവിടെ അതിലും വലിയ കുഴികളായി തീർന്നിരിക്കുകയാണ്. അരൂർ ആകാശപ്പാത നിർമ്മാണത്തെ തുടർന്ന് വലിയ വാഹനങ്ങളുടേതുൾപ്പെടെ ഗതാഗതം ഈ റോഡിലൂടെ തിരിച്ചുവിട്ടതിനാൽ റോഡുകളെല്ലാം പൊട്ടിത്തകർന്നിരിക്കുകയാണ്. പാലത്തിലെ വിള്ളലുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം ഭാരവാഹി റിച്ചാർഡ് കടുങ്ങാംപറമ്പിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകി.