മൂവാറ്റുപുഴ: നഗരത്തിലെ ട്രാഫിക് ബ്ലോക്കിന് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായ വെള്ളൂർക്കുന്നത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് മൂവാറ്റുപുഴ താലൂക്ക് തല സഭയിൽ ആവശ്യം. വിഷയം താലൂക്ക് സഭ അംഗീകരിക്കുകയും നിർദ്ദേശമായി സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ ആണ് വിഷയം സഭയിൽ ഉന്നയിച്ചത്. നഗരത്തിലെ ബസുകൾ യാത്രികരെ കയറ്റുന്നതിനായി റോഡ് മദ്ധ്യത്തിൽ നിർത്തുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ബി.ഒ.സി ജംഗ്ഷനിൽ ബസുകൾ ആവശ്യത്തിലധികം സമയം നിർത്തിയിടുന്നതായും പരാതി ലഭിച്ചു. തൊടുപുഴ, പിറവം ഭാഗത്തേക്ക്‌ പോകുന്ന വശത്ത് നിർത്തിയിടുന്ന ബസുകൾ മറ്റൊരു ബസ് വരുന്നത് വരെ അവിടെ തുടരും. ഇതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെന്ന പരാതി ലഭിച്ചതിനാൽ നടപടി സ്വീകരിക്കുവാൻ റോഡ് ട്രാൻസ്‌പോർട്ട് ഓഫിസർക്ക് നിർദ്ദേശം നൽകി.