കൊച്ചി: കൊച്ചി നഗരത്തിൽ ഒരുമാസത്തിനിടെ മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായത് 211 പേർ. 189 കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളിൽ നിന്നായി 33 കിലോയോളം കഞ്ചാവും 81.69 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കൂടാതെ കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. വില്പനയ്ക്കായി ഉപയോഗിച്ച രണ്ട് കാറും നാല് ബൈക്കും മൊബൈൽ ഫോണുകളും കസ്റ്റഡ‌ിയിലെടുത്തിട്ടുണ്ട്.

നഗരത്തിൽ അനധികൃത മയക്കുമരുന്ന് വിപണനം നടത്തുന്നവരെ നിരീക്ഷിക്കുകയും ലോഡ്ജുകൾ, പാർക്കുകൾ, ഹോട്ടലുകൾ, രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടത്തിയ ശക്തമായ പരിശോധനയുടെ ഫലമായാണ് അറസ്റ്റെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ പറഞ്ഞു.

പിടിയിലായ പ്രതികളുടെ സ്വത്ത് വകകൾ കണ്ടു കെട്ടുവാനും പി.ഐ.ടി എൻ.ഡി.പി.എസ് നിയമ പ്രകാരവും നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണറും നാല് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്ന ഡാൻസാഫ് ടീമും കൊച്ചി സിറ്റി പൊലീസുമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.