കൂത്താട്ടുകുളം: പാറമടക്ക് അനുമതി നൽകിയെന്ന പേരിൽ തിരുമാറാടി പഞ്ചായത്തിനെതിരെ യു.ഡി.എഫ് നടത്തുന്ന സമരാഭാസം
അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.നിയമ പരമായി മണ്ണത്തൂർ ഈറ്റാപ്പിള്ളിയിൽ സ്വകാര്യ വ്യക്തി പാറമട ലൈസൻസ് നേടിയ സംഭവം പഞ്ചായത്ത് ഭരണസമിതിക്കെതിരെ തിരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. സമരം നയിച്ച കോൺഗ്രസ് അംഗം അനിത ബേബിയുടെ നേതൃത്വത്തിലുള്ള 2000-05 കാലത്തെ യു.ഡി.എഫ് ഭരണസമിതി അനുവദിച്ച നാലു ക്രഷർ യൂണിറ്റുകളും അതിന്റെ ഇരട്ടിയോളം വരുന്ന പാറമടകളും ഉണ്ടായിരുന്ന പഞ്ചായത്താണ് തിരുമാറാടി. ലൈസൻസ് കാലാവധി തീർന്നതിനാൽ നിലവിൽ ഒരു ക്രഷർ യൂണിറ്റു പോലും പഞ്ചായത്തിൽ പ്രവർത്തിക്കുന്നില്ല. നിയമാനുസരണം
ലൈസൻസ് പുതുക്കുന്ന സ്ഥാപനങ്ങളെ തടയുന്ന നയം എൽ.ഡി.എഫിനില്ല. മണ്ണത്തൂർ ഈറ്റാപ്പിള്ളിയിലെ പാറമടയ്ക്ക് സർക്കാർ വ്യവസായ നയം അനുസരിച്ച് എല്ലാ രേഖകളും ഉൾപ്പെടുത്തി നിയമാനുസരണം അപേക്ഷ നൽകിയപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത്.
വാർത്താസമ്മേളനത്തിൽ കക്ഷി നേതാക്കളായ ഒ.എൻ. വിജയൻ, അനിൽ ചെറിയാൻ, സിനു എം. ജോർജ്, വർഗീസ് മാണി, ജിനു അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, കെ.കെ. രാജ്‌കുമാർ എന്നിവർ പങ്കെടുത്തു.