കൊച്ചി: കൊച്ചി കോർപ്പറേഷൻ വസ്തുനികുതി പിരിവ് ഊർജിതമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. നഗരത്തിൽ അനധികൃത നിർമ്മാണങ്ങൾ ഉൾപ്പെടെ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി നിലവിലുള്ളതിന്റെ ഇരട്ടി നികുതിയിനത്തിൽ ലഭിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. വസ്തുനികുതി ഈടാക്കുന്നതിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്നു കോർപ്പറേഷൻ സെക്രട്ടറി വി.ചെൽസ സിനി അറിയിച്ചു. എന്നാൽ വസ്തുനികുതി സംബന്ധിച്ച് നോട്ടീസുകൾ എത്രയെണ്ണം അയച്ചെന്നും കേസുകൾ ഫയൽ ചെയ്‌തെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
കഴിഞ്ഞ വർഷം 221 കോടിയാണ് വസ്തു നികുതിയായി കോർപ്പറേഷന് ലഭിച്ചത്. മുൻവർഷത്തേക്കാൾ 50 ശതമാനം കൂടുതലാണിത്. ഈ വർഷം ഇതുവരെ 5 ശതമാനം വർദ്ധനയുണ്ട്. നോട്ടീസ് നൽകുന്നുണ്ടെന്നും അനധികൃതമായിട്ടുള്ള നിർമ്മാണങ്ങളുടെ പരിശോധനയ്ക്കു സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പരിശോധന തുടരുകയാണെന്നും കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. ചില കെട്ടിടങ്ങളിൽ പാർക്കിംഗിനുള്ള ബെയ്‌സ്‌മെന്റ് വാണിജ്യാവശ്യത്തിനായി മാറ്റിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
കോർപ്പറേഷനു ആകെ നികുതി ലഭിക്കുന്നത് 250 കോടി രൂപയാണ്. കൊച്ചിപോലെുള്ള നഗരത്തിന് ഇത് അത്ര വലിയ തുകയല്ലെന്നും കോടതി പറഞ്ഞു.