thomas-

നെടുമ്പാശ്ശേരി: കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമദ്ധ്യേ പ്രവാസി ദുബായിൽ വെച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ആണ് മരിച്ചത്. കുവൈറ്റിൽ നിന്ന് വ്യാഴാഴ്ച്ച വൈകിട്ട് 7.15 ന് പുറപ്പെട്ട കുവൈറ്റ് എയർവെയ്‌സ് വിമാനം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. തോമസ് ചാക്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാനം അടിയന്തരമായി ദുബായിൽ ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നു വരികയാണ്. കുവൈറ്റിലെ അൽ എസ്സ മെഡിക്കൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു തോമസ്. ജോലി സ്ഥലത്ത് നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ചതായിരുന്നു. സെപ്തംബർ 14ന് ഇതേവിമാനത്തിൽ തിരികെ കുവൈറ്റിലേക്ക് റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. റാന്നി കല്ലൂർ വീട്ടിൽ മാത്യു ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകനാണ് തോമസ് ചാക്കോ, ഭാര്യ: ശോശാമ്മ തോമസ്.