കൊച്ചി: ചേർത്തല പൂച്ചാക്കലിലെ നിഷാദിന്റെ തയ്യൽ കടയിലെത്തിയാൽ മോഹൻലാലും മമ്മൂട്ടിയും ജയനും ജഗതിയും തുടങ്ങി മലയാളത്തിലെ സൂപ്പർതാരങ്ങൾ തയ്ക്കുന്നത് കാണാം. നിമിഷ നേരംകൊണ്ടാണ് താരങ്ങളുടെ ചലനവും ഭാവവും തയ്യൽ ജോലിക്കിടെ ജന്മനാ ബധിരനും മൂകനുമായ നിഷാദ് അവതരിപ്പിക്കുന്നത്.
പാണാവള്ളി നിഷാദ് മൻസിലിൽ പരേതനായ ഷിഹാബുദീന്റെയും നസീമയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് നിഷാദ്. ജന്മനാ നിഷാദിനും സഹോദരൻ നിജാസിനും സംസാരശേഷിയും കേൾവിശേഷിയുമില്ല. ചെറുപ്പത്തിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ ടി.വിയിൽ കാണുന്ന താരങ്ങളെ അനുകരിക്കലും ചിത്രം വരയുമായിരുന്നു പ്രിയം. ഇത് മനസിലാക്കിയ വീട്ടുകാരും അദ്ധ്യാപകരും നൽകിയ പ്രോത്സാഹനത്തിൽ നിന്നാണ് തുടക്കം.
ക്രിക്കറ്റ് ഇഷ്ടമായതിനാൽ കളിക്കാരുടെ ശരീരഭാഷ അനുകരിച്ച് നാട്ടിലെ ഓണാഘോഷ പരിപാടിയിൽ നാലാം ക്ളാസുകാരനായ നിഷാദ് ആദ്യമായി മിമിക്രി അവതരിപ്പിച്ചു. ആ പൊട്ടിച്ചിരിയും കൈയ്യടിയും പിന്നീട് കോമഡി റിയാലിറ്റി ഷോയിൽവരെയെത്തി. ചേർത്തല ഗോപകുമാറിന്റെ ശിക്ഷണത്തിൽ രണ്ട് വർഷം ചിത്രകല പഠിച്ചു. പെരുമ്പളം ഗവ. എൽ.പി സ്കൂളിൽ താത്കാലിക ഡ്രോയിംഗ് ടീച്ചറായി. അർബുദം ബാധിച്ച് 13 വർഷം മുൻപ് ബാപ്പ മരിച്ചപ്പോൾ നിഷാദും ഉമ്മയും കൂടി പൂച്ചാക്കലിനു സമീപം ലേഡിസ്റ്റോറും തയ്യൽക്കടയും ആരംഭിച്ചു.
ഇടയ്ക്ക് കോമഡി പരിപാടികൾക്കും പോകുമെങ്കിലും ഉപജീവനമാർഗം തയ്യൽക്കടയിലെ ചെറിയ വരുമാനമാണ്. ജോലിക്കായി മുഖ്യമന്ത്രിയുടെ നവകേരളസദസിലും അപേക്ഷ നൽകിയിട്ടുണ്ട്. ഭാര്യ:ജുമൈലത്ത്. മക്കൾ:ഹിദാ ഫാത്തിമ,ഫഹദ്.
പ്രധാന ഇനം
ക്രിക്കറ്റ് താരങ്ങളും ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യത്യസ്തജോലികൾ ചെയ്യുന്നത് എങ്ങനെയാകുമെന്ന ഐറ്റമാണ് പ്രധാനമായും നിഷാദ് ചെയ്യുന്നത്. കൂടാതെ സച്ചിൻ,ധോണി,ഗാംഗുലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളേയും നിഷാദ് അനുകരിക്കാറുണ്ട്.