കിഴക്കമ്പലം: ഒളിമ്പിക്സിൽ തുടർച്ചയായി രണ്ട് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കിയുടെ അഭിമാനം ശ്രീജേഷിന് പിറന്ന നാട്ടിൽ അവഗണന. ശ്രീജേഷിന്റെ പേരിൽ അഭിമാനമായി നാട്ടിൽ ഉയരേണ്ട കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയത്തോടാണ് അധികൃതരുടെ അവഗണന. 2014 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ നേട്ടത്തിന് പിന്നാലെ പ്രഖ്യപിച്ചതാണ് ഇൻഡോർ വോളിബാൾ സ്റ്റേഡിയം. എന്നാൽ ഒളിമ്പ്യനെ അപമാനിക്കും വിധം ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്റ്റേഡിയം ഇന്നും നാല് തൂണുകളിൽ ഒതുങ്ങി. ഈ അപമാനം ഇനിയും എത്രനാൾ സഹിക്കേണ്ടി വരുമെന്നാണ് ശ്രീജേഷിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചോദിക്കുന്നത്.
നാട്ടുകാർക്ക് ഗ്രൗണ്ടും നഷ്ടം
2014 ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം ജയിച്ചപ്പോൾ ശ്രീജേഷിനു കുന്നത്തുനാട് പഞ്ചായത്ത് സ്വീകരണം ഒരുക്കിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത അന്നത്തെ സ്‌പോർട്‌സ് മന്ത്റി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കുന്നത്തുനാട് പഞ്ചായത്തിൽ സ്റ്റേഡിയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് നിലവിൽ പള്ളിക്കര സ്‌പോർട്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വോളിബാൾ പരിശീലനം നടക്കുന്ന പള്ളിക്കരയിലെ മൈതാനം തിരഞ്ഞെടുത്തു. പള്ളിക്കര മാർക്കറ്റിനു സമീപം നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. പണി തുടങ്ങിയ ശേഷം നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചതോടെയാണ് പണി നിലച്ചത്. സ്റ്റേഡിയം നിർമ്മാണത്തിന്റെ പേരിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിൽ കളിക്കാനും സാധിക്കാതെയായി.
പദ്ധതി
98.50 ലക്ഷം മുടക്കി നിർമ്മാണം. പഞ്ചായത്ത് ഫണ്ട്, എം.എൽ.എ ഫണ്ട്, കൊച്ചി ബി.പി.സി.എൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കാനായിരുന്നു പദ്ധതി.
നാഷണൽ, പൊലീസ് സേന എന്നിവയിലടക്കം ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്ക് പള്ളിക്കര ഗ്രൗണ്ടിനുണ്ട്
പള്ളിക്കര സ്‌പോർട്‌സ് അസോസിയേഷൻ ഭാരവാഹികൾ
സ്റ്റേഡിയമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ പരാതികളിൽ തീർപ്പുണ്ടായി കഴിഞ്ഞ് നിർമ്മാണം പുന:രാരംഭിക്കും
പഞ്ചായത്ത് അധികൃതർ
ശ്രീജേഷ് സ്റ്റേഡിയ നിർമ്മാണം പൂർത്തിയാക്കുന്നതിന് 25 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കാം. പഞ്ചായത്ത് അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകിയാൽ തുക നല്കും. ഇതു വരെ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ല.
അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ