കൊച്ചി: വില്ലിംഗ്ഡൻ ഐലന്റിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് പാട്ടത്തിനുകൊടുത്ത സ്ഥലങ്ങളിൽ വൻ നികുതി വെട്ടിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം വരെ വെറും 3050 രൂപ നികുതി ഇനത്തിൽ കൊച്ചിൻ കോർപ്പറേഷന് ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം ഇതുവരെ പിഴ ചുമത്തി ഈടാക്കിയത് ഏഴുകോടി രൂപ!. ഏകദേശം 300ലേറെ കെട്ടിടങ്ങളാണ് പൊർട്ട് ട്രസ്റ്റ് ലീസിന് നൽകിയിരിക്കുന്നത്. ഇതിൽ 30 കെട്ടിടങ്ങളിൽ നിന്നാണ് പിഴയീടാക്കിയത്. ഐലന്റിലെ പ്രമുഖ ഹോട്ടലാണ് മൂന്നുകോടിയോളം പിഴ അടച്ചത്. പലതും അനധികൃത കെട്ടിടങ്ങളാണ്. പോർട്ട് ട്രസ്റ്റ് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയാൽ കോർപ്പറേഷന്റെ അനുമതി ആവശ്യമില്ലെന്ന ധാരണയുടെ പുറത്താണ് ഇത്രയും വലിയ തട്ടിപ്പ് .
കൊച്ചി കോർപ്പറേഷൻ ടാക്സ് അപ്പീൽ ചെയർപേഴ്സൺ അഡ്വ. പ്രിയാ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പല ക്വാട്ടേഴ്സുകളും പൊളിച്ചുമാറ്റിയിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് നാലുവർഷം വരെയുള്ള നികുതി കുടിശിക ഈടാക്കാൻ മാത്രമേ നോട്ടീസ് നൽകാൻ സാധിക്കൂ. നോട്ടീസ് ലഭിച്ചവരാണ് നികുതി അടച്ചിരിക്കുന്നത്. 10 വർഷത്തിന് മുകളിൽ കുടിശിക വരുത്തിയ കെട്ടിടങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.
സർവേ പുരോഗമിക്കുന്നു
പോർട്ട് ട്രസ്റ്റ് സ്ഥലത്ത് നികുതി തിരച്ചടവുമായി ബന്ധപ്പെട്ട സർവേ പുരോഗമിക്കുകയാണ്.
പോർട്ട് ട്രസ്റ്ര് എത്ര കെട്ടിടങ്ങൾ പാട്ടത്തിന് നൽകിയിട്ടുണ്ട്, നിലവിൽ എത്ര കെട്ടിടങ്ങളുണ്ട്, എത്രയെണ്ണം പൊളിച്ചു, എത്ര നികുതി കുടിശികയുണ്ട്, എത്ര വർഷമായി നികുതി അടയ്ക്കുന്നില്ല എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിക്കുക.
മറ്റ് ഡിവിഷനുകളിലേക്കും
പരീക്ഷണാടിസ്ഥാനത്തിലാണ് വില്ലിംഗ്ഡൺ ഐലന്റിൽ സർവേ നടത്തിയത്. ഇവിടെ നിന്ന് ഇത്രയും തുക ലഭിച്ച സാഹചര്യത്തിൽ മറ്റ് ഡിവിഷനുകളിലും സർവ്വേ വ്യാപിപ്പിക്കും. അടുത്തത് 62-ാം ഡിവിഷനായ എറണാകുളം സൗത്തിലാണ് സർവേ.
ഐലന്റിലെ കണ്ടെത്തലുകൾ
ആകെ കെട്ടിടങ്ങൾ- 300ൽ അധികം
കഴിഞ്ഞ വർഷം ലഭിച്ച നികുതി- 3050 രൂപ
ഈ വർഷം ഇതുവരെ- 7 കോടി രൂപ
മേയർ മുൻകൈ എടുത്താണ് ടാക്സ് അപ്പീൽ കമ്മിറ്റി വഴി പരിശോധന നടത്തിയത്. എല്ലാ കൗൺസിലർമാരുടെയും സഹകരണം വലിയ രീതിയിൽ ലഭിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ പ്രാദേശിക വികസനത്തിന് നികുതി ഇനങ്ങൾ പിരിച്ചെടുക്കേണ്ടത് ആവശ്യമാണ്. നടപടി ഇനിയും തുടരും
അഡ്വ. പ്രിയ പ്രശാന്ത്
ചെയർപേഴ്സൺ
ടാക്സ് അപ്പീൽ