crime

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരൻ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഇയാളെ തള്ളിയിട്ട് പരിക്കേൽപ്പിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എം.ജി.റോഡിലെ അബാദ് പ്ളാസ ഹോട്ടലിലെ ഡ്രൈവറും കൊല്ലം സ്വദേശിയുമായ മൊഹ്ദീനെ (32) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ കൊല്ലം പത്തനാപുരം വാളകം കുറ്റിവിള വീട്ടിൽ ടി.കെ. ബെന്നിയാണ് (54) മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം.

25 വർഷത്തിലധികമായി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബെന്നി. സംഭവദിവസം വൈകിട്ട് മൊഹ്ദീൻ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനുമായി സംസാരിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ ബെന്നി മൊഹ്ദീനെ അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ക്ഷുഭിതനായ മൊഹ്ദീൻ ബെന്നിയെ പിടിച്ചുതള്ളി. ഒരു കാലിന് സ്വാധീനക്കുറവുള്ള ബെന്നി തറയിൽ തലയടിച്ച് വീഴുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച ബെന്നിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ അന്നുതന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ന്യൂറോ വിഭാഗത്തിലെ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ഏഴിന് പുലർച്ചെ മരിച്ചു.

 ദുരൂഹമരണത്തിൽ അന്വേഷണം

അസ്വാഭാവിക മരണത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) 194 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. ബെന്നി മരിച്ചതോടെ മനപ്പൂർവ്വമായ നരഹത്യ വകുപ്പ് ചുമത്തി എഫ്.ഐ.ആർ പുതുക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബെന്നിയെ മൊഹ്ദീനും സെക്യൂരിറ്റിക്കാരനും ചേർന്നാണ് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും തള്ളിയിട്ട കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് സൂചന നൽകിയതിനെ തുടർന്ന് പൊലീസ് ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തലയോട്ടിക്ക് ഒന്നിലേറെ പൊട്ടലുകൾ സംഭവിച്ചിരുന്നു.

ദേഷ്യത്തിൽ തള്ളിപ്പോയെന്ന് മൊഴി

അസഭ്യം പറഞ്ഞതിന്റെ ദേഷ്യത്തിൽ തള്ളിപ്പോയെന്നാണ് ഡ്രൈവറുടെ മൊഴി. മൊഹ്ദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.