തോപ്പുംപടി : എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജയന്തി ദിനാഘോഷയാത്രയും അനുബന്ധ ചടങ്ങുകളും മാറ്റിവച്ചു. വയനാട് നടന്ന പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് യൂണിയൻ പ്രസിഡന്റ് എ. കെ. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനം കൈക്കൊണ്ടത്.

വയനാട് ദുരിതാശ്വാസത്തിൽ പങ്കാളികളാകാൻ എല്ലാ ശാഖാ ഭാരവാഹികൾക്കും പോഷകസംഘടനകൾക്കും നിർദ്ദേശം നൽകി. വയനാട് ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് നൽകുന്നതിനു വേണ്ടി വിവിധ ശാഖകളിൽ നിന്ന് ധനസമാഹരണം നടത്തുവാനും യൂണിയൻ മുഖേന ദുരിതാശ്വാസത്തുക എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറിക്ക് കൈമാറുന്നതിനും തീരുമാനിച്ചു.

ജയന്തിദിനത്തിൽ ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടത്തും. മറ്റു ആഡംബരങ്ങൾ ഒഴിവാക്കി ഇത്തവണ ഗുരുജയന്തി ദിനം ആഘോഷിക്കുവാൻ ശാഖാ ഭാരവാഹികൾക്ക് യൂണിയൻ കൗൺസിൽ പ്രത്യേക നിർദ്ദേശം നൽകി. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്കായി അനുശോചനപ്രമേയം അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ സി. പി. കിഷോർ, യോഗം ഡയറക്ടർ ബോർഡ് അംഗം സി. കെ. ടെൽഫി, യൂണിയൻ ക്കൗൺസിലർമാരായ ടി. വി. സാജൻ, എ. ബി. ഗിരീഷ്, ഈ. വി. സത്യൻ, ഷിജു ചിറ്റേപ്പള്ളി എന്നിവർ സംസാരിച്ചു