പറവൂർ: ശ്രീനാരായണഗുരുദേവന്റെ 170-ാം ജയന്തി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ദിവ്യജ്യോതി പര്യടന ഉദ്ഘാടനം 12ന് നടക്കും. ഗുരുദേവൻ ജ്വലിപ്പിച്ച ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ദിവ്യജ്യോതി തെളിച്ച് യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണനും കൺവീനർ ഷൈജു മനയ്ക്കപ്പടിക്കും നൽകും. യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അഖിൽ ബിനു ദിവ്യജ്യോതി ഏറ്രുവാങ്ങിയ ശേഷം നിരവധി യൂത്ത്മൂവ്മെന്റ് അത്‌ലറ്റുകളുടെയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ പറവൂർ മുനിസിപ്പൽ കവലയിൽ എത്തിക്കും. യൂണിയൻ, പോഷകസംഘടന, ശാഖായോഗം എന്നിവയുടെ ഭാരവാഹികളും ഗുരുദേവഭക്തരും ചേർന്ന് സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ നഗരത്തിലൂടെ യൂണിയൻ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും.
തുടർന്ന് ജ്യോതിപര്യടന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി ധർമ്മചൈതന്യ വിശിഷ്ടാതിഥിയാകും. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ വിതരണം ചെയ്യും. യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണവും യോഗം ഡയറക്ടർ പി.എസ്. ജയരാജ് അനുഗ്രഹപ്രഭാഷണവും നടത്തും. കലമത്സര വിജയികൾക്കുള്ള സമ്മാനദാനം യോഗം ഡയറക്ടർ എം.പി. ബിനുവും യോഗം ജനറൽ സെക്രട്ടറിയുടെ ഭവനപദ്ധതിയിൽ വീട് ലഭിച്ചവരുടെ ആധാരകൈമാറ്റം പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജുവും നിർവഹിക്കും.
ജ്യോതി പര്യടനം 17 വരെ
ശ്രീനാരായണ ജ്യോതി പര്യടനം യൂണിയനിലെ 72 ശാഖകളിലും 13 മുതൽ 17വരെ നടക്കും. ദിവസവും നൂറുകണക്കിന് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. 13ന് പറവൂർ മേഖലയിലെ മാഞ്ഞാലി - പറവൂത്തറ ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 14ന് ചേന്ദമംഗലം മേഖല, 15ന് വരാപ്പുഴ മേഖല, 16ന് പുത്തൻവേലിക്കര, മൂത്തകുന്നം മേഖല, 17ന് ചിറ്റാറ്റുകര, കരുമാല്ലൂർ മേഖല.
സമാപന സമ്മേളനം 20ന്
ജയന്തിദിന സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും 20ന് വൈകിട്ട് അഞ്ചിന് പഴയ യൂണിയൻ ഓഡിറ്റോറിയത്തിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജയന്തിദിന സന്ദേശം നൽകും.
വൈകിട്ട് മൂന്നിന് യൂണിയൻ ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി പഴയ യൂണിൻ ഓഫീസ് ഗ്രൗണ്ടിൽ സമാപിക്കും. വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ അകമ്പടി സേവിക്കുന്ന ഘോഷയാത്രക്ക് യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകും