കൊച്ചി: എസ്.എൻ.ഡി.പി.യോഗം ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇക്കുറി പ്രകൃതി സംരക്ഷണ സന്ദേശപ്രചാരണത്തിനായി സമർപ്പിക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുവാൻ നിശ്ചയിച്ചിരുന്ന വർണോജ്ജ്വല ചതയം തിരുനാൾ ഘോഷയാത്ര വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കലാരൂപങ്ങളും വാദ്യമേളങ്ങളും ഒഴിവാക്കി പ്രകൃതിസംരക്ഷണ സന്ദേശ യാത്രയാക്കും. പ്രകൃതിയുടെ സംതുലിതാവസ്ഥ തകർക്കുന്ന മനുഷ്യന്റെ ചെയ്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകിയ ഗുരുവിന്റെ സന്ദേശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കലാകും ഉദയംപേരൂരിലെ ജയന്തിയാഘോഷം.
17ന് പതാകദിനം. 18ന് വൈകിട്ട് ആറിന് പ്രാർത്ഥനയും പ്രസാദ ഊട്ടിനുള്ള ദ്രവ്യ സമർപ്പണവും 20ന് ഗുരുദേവ ജയന്തിദിനത്തിൽ രാവിലെ എട്ടിന് ഗുരുപൂജ,
വൈകിട്ട് നാലിന് പ്രകൃതിസംരക്ഷണ സന്ദേശ യാത്ര തെക്ക് കണ്ണേമ്പിള്ളി ഗുരുമണ്ഡപത്തിൽ നിന്ന് തുടങ്ങി ശാഖാങ്കണത്തിൽ സമാപിക്കും. തുടർന്ന് സമൂഹപ്രാർത്ഥന, പ്രകൃതി സംരക്ഷണ പ്രതിജ്ഞ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായധനം കൈമാറൽ എന്നിവ നടക്കും. വയനാട് ദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിൽ പങ്കാളിയായ ശാഖാ അംഗവും എംപ്ളോയീസ് ഫോറം യൂണിയൻ സെക്രട്ടറിയുമായ ആർ.അജയകുമാറിനെയും ദുരന്തത്തിനിരയായവർക്കുള്ള പുനരധിവാസത്തിന് 12 സെന്റ് സ്ഥലം വിട്ടുനൽകിയ എസ്.എൻ.ഡി.പി. സ്കൂളിലെ വിദ്യാർത്ഥിനി എസ്.ആരുഷിയെയും കുടുംബാംഗങ്ങളെയും ആദരിക്കും.