mask

കൊച്ചി: പ്രവർത്തനക്ഷമത കുറഞ്ഞ മാസ്‌ക് നിർമ്മാണ യന്ത്രം നൽകി വഞ്ചിച്ചെന്ന പരാതിയിൽ കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ആലുവ സ്വദേശി എസ്.ജി.ബാഗ്‌സ് ഉടമ ജി. ശ്രീജിത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

തമിഴ്‌നാട്ടിലെ ശിവൻ ഇൻഡസ്ട്രീയൽ എൻജിനീയറിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്.

കൊവിഡ് കാലത്താണ് 6,78,500 രൂപ നൽകി പരാതിക്കാരൻ എതിർകക്ഷിയിൽ നിന്ന് മെഷീൻ വാങ്ങിയത്. പക്ഷേ ഇതിന് പല ഭാഗങ്ങളും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഷിപ്പിംഗിൽ സംഭവിച്ച പിഴവാണ് കാരണമെന്നും ഉടനെ പാർട്സുകൾ എത്തിക്കാമെന്നും എതിർകക്ഷി പരാതിക്കാരന് ഉറപ്പു നൽകി. എന്നാൽ പാർട്‌സ് ഉപയോഗിച്ച് ഉണ്ടാക്കിയ മാസ്‌ക്കുകളും ശരിയായില്ല. ഇതുമൂലം വലിയ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

എന്നാൽ പരാതിക്കാരന്റെ തൊഴിലാളികൾക്ക് സാങ്കേതിക പരിജ്ഞാനമില്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് എതിർകക്ഷി വാദിച്ചു. തുടർന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധ കമ്മിഷൻ ശ്രീജിത്തിന്റെ ഭാഗം ശരിവയ്ക്കുകയായിരുന്നു. തുടർന്നാണ് പ്രസിഡന്റ് ഡി.ബി. ബിനു മെമ്പർമാരായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുൾപ്പെട്ട ബെഞ്ച് പിഴവിധിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ആശാ പി.നായർ ഹാജരായി.