കൊച്ചി: നഗരസഭയിൽ വാണിജ്യാവശ്യത്തിനുള്ള 75000 കെട്ടിടങ്ങൾ ഉണ്ടെന്നാണ് ഏകദേശം കണക്ക്. എന്നാൽ നഗരസഭയിൽനിന്ന് ഡി ആൻഡ് അലവൻസ് ലൈസൻസ് നൽകിയിട്ടുള്ളത് കഴിഞ്ഞവർഷം 25000 കെട്ടിടങ്ങൾക്ക് മാത്രമാണ്. മറ്റ് കെട്ടിടങ്ങളുടെ സ്ഥിതി എന്താണെന്ന് നഗരസഭയ്ക്ക് അറിയാത്തത് കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറ ആരോപിച്ചു.
എത്ര കെട്ടിടങ്ങൾക്കാണ് നഗരസഭ ഡിമാൻഡ് നോട്ടീസ് നൽകിയതെന്നും ഇതിൽനിന്ന് എത്ര തുകയാണ് കിട്ടിയതെന്നും എത്ര കിട്ടാനുണ്ടെന്നുപോലുമുള്ള കണക്കുകൾ നഗരസഭയ്ക്കില്ല. കഴിഞ്ഞവർഷം വസ്തുനികുതിയായി 221 കോടി രൂപയാണ് പിരിച്ചതെന്ന സെക്രട്ടറിയുടെ വാദം വസ്തുതവിരുദ്ധമാണ്. 221 കോടി ബഡ്ജറ്റിൽ പരിഷ്‌കരിച്ച തുക മാത്രമാണ്.
2013 മുതൽ പരിഷ്‌കരിച്ച വസ്തുനികുതിയുടെ വർദ്ധിപ്പിച്ച തുകയും അതിന്റെ പിഴപ്പലിശയും വാങ്ങുമ്പോൾ സ്വാഭാവികമായും വസ്തുനികുതിയിൽ വർദ്ധനവ് ഉണ്ടാകും. കരാറുകാർക്ക് ബിൽതുക നൽകാതെ നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധിയെന്ന് മേയർ പറയുമ്പോൾ കിട്ടാനുള്ള വസ്തുനികുതി പിരിച്ചെടുക്കണമെന്നും പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.