hv

കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയപാത വികസന പ്രവർത്തനങ്ങൾ ഇഴയുന്നത് റോഡിനിരുവശവുമുള്ള വ്യാപാരികളെ ദുരിതക്കയത്തിലാക്കുന്നു. മഴ മാറി കച്ചവടം ഉഷാറാകേണ്ട സമയത്ത് തകർന്നുകിടക്കുന്ന ഓട ചാടി കടന്നു വേണം ഉപഭോക്താക്കൾക്ക് കടയിലെത്താൻ. ഈ സാഹചര്യത്തിൽ ഒരാൾ പോലും കടയിലെത്തുന്നുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു. പുനർനിർമ്മിക്കാനായി ഓട പൊളിച്ചിട്ട ശേഷം കരാറുകാരൻ തിരിഞ്ഞു നോക്കുന്നേയില്ല. ഇതോടെ പുത്തൻകുരിശ് മേഖലയിലെ വ്യാപാരികൾ പ്രത്യക്ഷ സമര രംഗത്തേയ്ക്ക് ഇറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

അശാസ്ത്രീയ വികസനം കൊച്ചി ധനുഷ്‌കോടി ദേശീയപാതയെ മരണക്കെണിയാക്കുന്നുവെന്ന പരാതി നിലനിൽക്കെയാണ് വ്യാപാരികളുടെ വയറ്റത്തടിച്ചുള്ള കരാറുകാരന്റെ നടപടി. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും വഴി മുറിച്ചാണ് പലയിടത്തും കാന നിർമ്മാണം. നടപ്പു വഴി പോലും ലഭിക്കാതെ ദിവസങ്ങളോളം വീടൊഴിഞ്ഞും സ്ഥാപനം തുറക്കാതെയും ഇരിക്കുകയാണ് പലരും. ചോദ്യം ചെയ്താൽ കേസിൽ കുടുക്കുമെന്നതടക്കം ഭീഷണിയാണ് കരാറുകാരിൽ നിന്ന് ലഭിക്കുന്നത്. പുത്തൻകുരിശിൽ കാന നിർമ്മാണവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതോടെ എം.എൽ.എ ഇടപെട്ട് ദേശീയപാത അതോറിറ്റിയും കരാറുകാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിലെ തീരുമാനങ്ങൾ ലംഘിച്ച് കുഴിച്ച കാനയുടെ പണി പകുതിയാക്കി കരാറുകാരൻ മുങ്ങുകയായിരുന്നു.

കാന കുഴിച്ച ശേഷം അപായ സൂചന നൽകുന്നതിന് പേരിനുള്ളത് ബോർഡുകൾ മാത്രം രാത്രിയിലെ അപകടം കുറയ്ക്കാൻ റിഫ്‌ളക്ടർ ബോർഡുകളോ മുന്നറിയിപ്പ് ലൈ​റ്റുകളോ ഇല്ല പ്ലാസ്​റ്റിക് ടേപ്പ് വലിച്ചുകെട്ടിയത് കൊണ്ട് മാത്രം കാന നിർമ്മാണമെന്ന് തിരിച്ചറിയാം കാനയുടെ കോൺക്രീ​റ്റിംഗ് നടത്തുന്നതും അപകടകരമായ രീതിയിൽ കോൺക്രീ​റ്റിനായി തയ്യാറാക്കുന്ന കമ്പികൾ ആഴ്ചകളോളം റോഡിന് സമീപം ഉയർന്നു നിൽക്കുന്നു അപകട സാദ്ധ്യതയേറിയ ഇത്തരം കമ്പികൾക്ക് മുകളിൽ സോഫ്റ്റ് ക്യാപ്പുകൾ പോലും സ്ഥാപിക്കുന്നില്ല

ഓണക്കാലമായിട്ടും ഈ അവസ്ഥ തുടരുന്നത് സ്ഥിതി കൂടുതൽ വഷളാകും. ഹൈവേ വികസന ജോലികൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് ഇല്ലാത്ത തരത്തിൽ സമയബന്ധിതമായി പൂർത്തിയാക്കണം

റെജി കുഴുവേലിൽ
പ്രസിഡന്റ്
മർച്ചന്റ്സ് അസോസിയേഷൻ

പുത്തൻകുരിശ്

1073 കോടി രൂപയാണ് പുനർനിർമ്മാണത്തിന് കേന്ദ്ര ഫണ്ട് അനുവദിച്ചത്. എന്നാൽ നാളെയുടെ വികസനം മുന്നിൽ കണ്ടുള്ള ഒരു പ്രവർത്തനവും നടക്കുന്നില്ല. 35വർഷം മുമ്പുണ്ടായിരുന്ന ദേശീയപാത അതേപടി നിലനിർത്തി,​ കാന കുഴിക്കുകയും പഴയ ടാറിംഗ് മാ​റ്റി ആധുനിക നിലവാരത്തിലുള്ളതാക്കി എന്നതൊഴിച്ചാൽ മ​റ്റൊരു പ്രവൃത്തിയും നടക്കുന്നില്ല.

ജൂബിൾ ജോർജ്

സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ

വടവുകോട് ബ്ലോക്ക് പഞ്ചായത്ത്