മൂവാറ്രുപുഴ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മൂവാറ്റുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ് വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അണക്കെട്ട് അപകട ഭീഷണിയിൽ ആണെന്ന പ്രചാരണം ശക്തമായതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ് . കേന്ദ്ര-സംസ്ഥാന സർക്കാരുകളും തമിഴ്നാട് സർക്കാരും കൂടിയാലോചിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം. പുതിയ ഡാം നിർമ്മിക്കുകയാണ് ഏകവഴി. എത്രയും വേഗം പുതിയ ഡാം നിർമ്മാണം പൂർത്തിയാക്കണം. മൂവാറ്റുപുഴ ജില്ല എന്ന എക്കാലത്തേയും ആവശ്യം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് സി.എസ്. അജ്മൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് പി.വി.എം. ആരിഫ് അദ്ധ്യക്ഷനായി. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജോബി മുണ്ടക്കൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോപകുമാർ, യൂത്ത് വിംഗ് ഭാരവാഹികളായ സാദിഖലി , മുജീബ് വില്യംസ്, സിദ്ദീഖ്, സജിൻ ബാലചന്ദ്രൻ, നിസാർ എന്നിവർ സംസാരിച്ചു.