
കാടുകയറിയ ഓഫീസ് വളപ്പ് വെട്ടിത്തെളിച്ചു
കൊച്ചി: പുല്ലേപ്പടിയിലെ പുല്ലും കാടും കയറി മൂടിയ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഓഫീസിന് പുതിയ മുഖം. ഇന്നലെ ഹൈക്കോടതി മുൻ രജിസ്ട്രാർ അഡ്വ.സാബു. കെ. വർഗീസിന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ്. വളന്റിയർമാരുടെ സഹായത്തോടെ കമ്മിഷൻ വളപ്പ് വൃത്തിയാക്കി.
പാമ്പിനെ പേടിച്ചുവേണം ജീവനക്കാർക്കും പരാതിക്കാർക്കും ഓഫീസ് വളപ്പിൽ കയറാൻ. ആറുമാസം മുമ്പാണ് അവസാനമായി വൃത്തിയാക്കിയത്. ആൾപ്പൊക്കത്തിൽ കെട്ടിടത്തിന് ചുറ്റും വളർന്നുനിന്ന കാട്ടുചെടികളും പുല്ലും വാഴക്കൂട്ടങ്ങളും വെട്ടിവെളുപ്പിച്ചു.
മൂന്ന് ലോഡ് കാടുംപടലും അവശിഷ്ടങ്ങളും നീക്കം ചെയ്തു. പണി വിചാരിച്ചതിലും കഠിനമായതിനാൽ അഞ്ച് തൊഴിലാളികളെ കൂടി കൂലിക്ക് വിളിച്ചായിരുന്നു ശുചീകരണം
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് 45 സെന്റ് വളപ്പ് വൃത്തിയാക്കാൻ സാധിക്കാത്തത്. സംസ്ഥാന കമ്മിഷന്റെ ഓഫീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 15 ഓളം ജീവനക്കാരുണ്ട്.
ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച ജോലി വൈകിട്ട് 5നാണ് അവസാനിച്ചത്. കമ്മിഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്രമോഹനും ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.ബി.ബിനുവും സ്ഥലത്തെത്തിയിരുന്നു.
ചതുപ്പായതിനാൽ വേഗം കാട്കയറും
ഇടയ്ക്കിടെ ജീവനക്കാരും അഭിഭാഷക സംഘടനകളും വൃത്തിയാക്കാറുണ്ടെങ്കിലും പരിസരം ചതുപ്പ് പ്രദേശമായതിനാൽ ആഴ്ചകൾക്കുള്ളിൽ വീണ്ടും കാടു വളർന്നുകയറും. ശോചനീയാവസ്ഥ കണ്ട് അഡ്വ.സാബു. കെ. വർഗീസ് സ്വന്തം ചെലവിൽ ശുചീകരണം ഏറ്റെടുക്കുകയായിരുന്നു. അഡ്വ.സുനു പി. ജോണും ഒപ്പം ചേർന്നു.