1

തോപ്പുംപടി: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ രണ്ടാം പ്രതിയും പൊലീസ് പിടിയിലായി.പള്ളുരുത്തി കടേഭാഗം കണ്ടത്തിൽ പറമ്പിൽ ബാദുഷ (29)യെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ മുമ്പ് പിടിയിലായ പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി അഫ്സർ അഷറഫ് നാട്ടിൽ നിന്ന് കയറ്റി അയക്കുന്നവരെ ലാവോസിൽ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാറിയിരുന്നത് ബാദുഷയായിരുന്നു.

അഫ്സറും ബാദുഷയും ഒരുമിച്ച് ലാവോസിലുണ്ടായിരുന്നു . അഫ്സർ അഷറഫ് നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് മനുഷ്യക്കടത്ത് തുടങ്ങിയത്. അഫ്സറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ മനുഷ്യക്കടത്ത് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചു. ലാവോസിൽ ഓൺലൈൻ തട്ടിപ്പ് കേന്ദ്രത്തിലുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കും.

പനമ്പിള്ളി നഗറിൽ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ ഷുഹൈബ് ഹസന്റെ പരാതിയിലാണ് അറസ്റ്റ്. ലാവോസിലെ ചൈനീസ് കമ്പനിയായ യിംഗ് ലോൺ എന്ന സ്ഥാപനത്തിൽ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസൻ ഉൾപ്പെടെ ആറ് പേരെ കൊണ്ടുപോയത്. അമ്പതിനായിരം രൂപ വീതം വാങ്ങിയിരുന്നു. ലാവോസിലേക്കെത്തിച്ച ശേഷം യിംഗ് ലോൺ എന്ന കമ്പനിക്ക് നാല് ലക്ഷം രൂപയ്ക്ക് വില്ക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ലാവോസിൽ നിന്ന് ആറ് പേരാണ് രക്ഷപ്പെട്ട് മടങ്ങിയെത്തിയത്. ഇൻസ്പെക്ടർ സി.ടി സഞ്ജീവ്,എസ്.ഐ.ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.