കൊച്ചി: എളമക്കര ജവാൻസ് റേഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും രണ്ടു മൊബൈൽഫോണും ഏഴു പവൻ ആഭരണങ്ങളും കവർന്ന കേസിൽ അയ്യമ്പുഴ ചുള്ളി കോലാട്ടുകിടി വീട്ടിൽ ടോണി ഉറുമീസ് (36) അറസ്റ്റിലായി.
പോണേക്കര ഭാഗത്തുനിന്ന് സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. അയ്യമ്പുഴ, അങ്കമാലി, കാലടി, എളമക്കര, മാള, കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയാണ്. 2007ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 15(1) വകുപ്പ് പ്രകാരം ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം സെൻട്രൽ എ.സി.പി ജയകുമാർ, ഇൻസ്പെക്ടർ ഹരികൃഷ്ണൻ, എസ്.ഐ. മനോജ്, ഗ്രേഡ് എസ്.ഐമാരായ ലാലു ജോസഫ് , കൃഷ്ണകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, സി.പി.എ സ്റ്റെവിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.