കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവതി അടക്കം 10പേരെ പിടികൂടി. കാക്കനാട് ഈച്ചമുക്ക് ഭാഗത്തെ അപ്പാർട്ടുമെന്റിൽ ഇൻഫോപാർക്ക് പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ സാദിക്ക് ഷാ (22), സുഹൈൽ, രാഹുൽ (22), ആകാശ് (22), തൃശൂർ സ്വദേശികളായ അതുൽ കൃഷ്ണ (23), മുഹമ്മദ് റാം ഷേക്ക് (23), നിഖിൽ (24), നിധിൻ (24), റൈഗൽ (18) എന്നിവരെ പിടികൂടി.

ഇവരുടെ പക്കൽനിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.52ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. പ്രതികൾ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. സുഹൈൽ, നിധിൻ എന്നിവർ ഇതിനുമുമ്പും കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഇൻഫോപാർക്ക് സബ് ഇൻസ്പെക്ടർമാരായ സജീവ്, ഖാദർ, എ.എസ്.ഐ ഫ്രാൻസിസ്, എസ്.സി.പി.ഒമാരായ ജോൺ എബ്രഹാം, വിനു, സി.പി.ഒമാരായ രാജേഷ്, ജോബി, മായ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ ഇന്നലെ എറണാകുളം നർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം കളമശേരി പൊട്ടച്ചാൽ റോഡിൽ നിന്ന് ആലപ്പുഴ പുന്നപ്ര കുറുവന്തോട് കല്ലുപാറയിൽ വീട്ടിൽ സുഹൈർ (24) എന്നയാളെ 9.23 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.