mnr

കോലഞ്ചേരി: എം.സി റോഡിൽ മണ്ണൂർ - കീഴില്ലം ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പരിഹാരം കാണാതെ അധികൃതർ. മണ്ണൂരിൽ കിഴക്കെ കവല മുതൽ കീഴില്ലം അമ്പലംവരെയുള്ള വളവുകളും കയ​റ്റിറക്കങ്ങളുമാണ് റോഡിനെ കുരുതിക്കളമാക്കുന്നത്. റോഡ് നിർമ്മാണ ഘട്ടത്തിൽ ഭൂവുടമകളായ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് വഴങ്ങി അലൈൻമെന്റ് മാ​റ്റിയതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മൂവാ​റ്റുപുഴ ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പടിഞ്ഞാറെ, കിഴക്കേ കവലകളിൽ നിന്ന് എം.സി റോഡിലേയ്ക്ക് കടക്കുന്ന വാഹനങ്ങളെ വളവിലെത്തുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാത്തത് അപകടങ്ങളുണ്ടാക്കുന്നുണ്ട്. വളവുതിരിഞ്ഞ് വരുമ്പോഴാകും വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്നുള്ള ബ്രേക്കിടലും വാഹനം വെട്ടിച്ചുമാ​റ്റാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുന്നു. ശനിയാഴ്ച കിഴക്കെ കവലയിൽ നടന്ന അപകടത്തിൽ ടെമ്പോ ട്രാവലറും കാറുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വളവുകളെക്കുറിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കിയതാണ് എം.സി റോഡ്. നിർമ്മാണകാലത്തു തന്നെ അപകടകരമായ വളവുകൾ കാരണം റോഡിൽ നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു. അപകടകരമായ വളവുകളിലൊന്നാണ് അന്നപൂർണ ജംഗ്ഷനിലേത്. നെല്ലാട് നിന്നുള്ള റോഡ് വന്നുചേരുന്ന എം.സി റോഡിലെ ജംഗ്ഷനാണിത്. സമാന രീതിയിലാണ് എം.സി റോഡിൽ നിന്ന് വെങ്ങോല, പോഞ്ഞാശേരി റോഡിലേയ്ക്ക് കയറുന്ന കിഴക്കെകവലയും. രണ്ടിടത്തും കാഴ്ചമറയ്ക്കുന്ന വളവുകളാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ അഞ്ചിലധികം അപകടങ്ങൾ ഇവിടെ നടന്നു.

പ്രയോജനപ്പെടാത്ത മുന്നറിയിപ്പ് സിഗ്നലുകൾ

അന്നപൂർണ ജംഗ്ഷനിലും കിഴക്കെ കവലയിലും അപകട വളവെന്ന മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സിഗ്‌നൽ ശ്രദ്ധിക്കാതെയാണ് ഇപ്പോഴും വാഹനങ്ങളുടെ മരണപ്പാച്ചിൽ. കീഴില്ലം സ്‌കൂൾ ജംഗ്ഷനിൽ നിന്ന് മൂവാ​റ്റുപുഴ ഭാഗത്തേയ്ക്ക് പോകുമ്പോൾ ഇറക്കം കഴിഞ്ഞുവരുന്ന വളവിലും സ്ഥിതി വിഭിന്നമല്ല. മഞ്ഞ സിഗ്‌നൽ സ്ഥാപിച്ചശേഷം റോഡിൽ അപകട വളവാണെന്ന് അറിയിക്കുന്ന സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ചെങ്കിലും അപകടങ്ങൾ കുറയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

റോഡിൽ മുന്നറിയിപ്പ് റിഫ്ളക്ടറുകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയും. പൊതുമരാമത്ത് വകുപ്പിന്റെ നിസംഗതയാണ് റിഫ്ളക്ടറുകൾ സ്ഥാപിക്കാൻ വൈകുന്നത്.

ഷാഹിർ മുഹമ്മദ്

പ്രസിഡന്റ്

യൂത്ത് കോൺഗ്രസ്

ഐരാപുരം മണ്ഡലം