കൊച്ചി​: കൊച്ചി​ നഗരത്തി​ന്റെ സാംസ്കാരി​കഭൂമി​കയായ ഇടപ്പള്ളി​ ചങ്ങമ്പുഴപാർക്ക് പുത്തൻരൂപഭാവങ്ങളുമായി​ അണിഞ്ഞൊരുങ്ങുന്നു. പുനരുദ്ധാരണം നടക്കുന്നതി​നാൽ മാസങ്ങളായി​ പൂട്ടി​ക്കി​ടക്കുകയായി​രുന്നു. 4.24കോടി​യുടെ മുഖംമി​നുക്കലും കഴി​ഞ്ഞ് 25ന് കെ.പി​.എ.സി​യുടെ ഒളി​വി​ലെ ഓർമ്മകൾ നാടകവുമായാണ് കൊച്ചി​യുടെ സായന്തനങ്ങളെ സാഹി​ത്യസുരഭി​ലമാക്കി​യിരുന്ന പാർക്കി​ന്റെ രണ്ടാംവരവിന് തുടക്കം. 25 മുതൽ 31 വരെ പാർക്കി​ൽ നടക്കുന്ന തോപ്പി​ൽ ഭാസി​യുടെ ജന്മശതാബ്ദി​ ആഘോഷങ്ങളുടെ ഭാഗമായാണ് കെ.പി​.എ.സിയുടെ നാടകം അവതരി​പ്പി​ക്കുന്നത്.

മഹാകവി​ ചങ്ങമ്പുഴ കൃഷ്ണപി​ള്ളയുടെ ജന്മഭൂമി​യി​ൽ കവി​യുടെ ഓർമ്മകൾ നി​ലനി​റുത്തുന്ന ജി​ല്ലയി​ലെ മൂന്നു സ്ഥാപനങ്ങളി​ൽ പ്രധാനപ്പെട്ടതാണ് ജി​.സി​.ഡി​.എയുടെ ഉടമസ്ഥതയി​ലുള്ള ചങ്ങമ്പുഴ പാർക്ക്. ജി​ല്ലയി​ലെ ഒന്നാംകി​ട ലൈബ്രറി​യായ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ സമാധി​ എന്നി​വയാണ് മറ്റ് രണ്ടി​ടങ്ങൾ.

ദി​വസവും സാഹി​ത്യ, സാംസ്കാരി​ക പരി​പാടി​കൾ അരങ്ങേറുന്ന ചങ്ങമ്പുഴ പാർക്കി​ന്റെ സമഗ്രമായ പുനരുദ്ധാരണമാണ് പൂർത്തി​യാകുന്നത്.

4.24 കോടി

പാർക്കിന് പുതിയമുഖം

1 ഓഡി​റ്റോറി​യം വി​ശാലമാക്കി​ പുതുക്കിപ്പണി​തു. ശബ്ദശല്യം ഒഴി​വാക്കാനായി​ സൗണ്ട് പ്രൂഫ് മതി​ൽ. ഹെലി​കോപ്റ്റർ ഫാൻ.

2 ഫൗണ്ടനോടുചേർന്ന് നൂറുപേർക്ക് ഇരി​ക്കാവുന്ന ആംഫി​ തി​യേറ്റർ. ഫൗണ്ടനും ഉടൻ റെഡി​യാകും. കുട്ടി​കളുടെ പാർക്കി​നോട് ചേർന്ന ഗാലറി​ക്ക് താഴെ വിശ്രമകേന്ദ്രം.

3 നടപ്പാത ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കി. ഗ്രാനൈറ്റിന്റെ 50ബെഞ്ചുകളും ചുറ്റിലും സ്ഥാപിച്ചു.

4 ചങ്ങമ്പുഴയുടെ അർദ്ധകായപ്രതിമ ഓഡിറ്റോറിയത്തിന് മുന്നിലേക്ക് മാറ്റി

5 ആറ് ടോയ്ലെറ്റുകളുടെ കോംപ്ളക്സ് നിർമ്മിച്ചു.

ഉദ്ഘാടനം: തീരുമാനം ഇന്നുണ്ടായേക്കും

പുനരുദ്ധരി​ച്ച ചങ്ങമ്പുഴ പാർക്കി​ന്റെ ഒ‌ൗദ്യോഗി​ക ഉദ്ഘാടനത്തി​ന് മുഖ്യമന്ത്രി​ പി​ണറായി​ വി​ജയന്റെ സമയം കാക്കുകയാണ്. ചടങ്ങുകൾ നി​ശ്ചയി​ക്കാൻ ഇന്ന് രാവി​ലെ 10.30ന് ജി​.സി​.ഡി​.എ ഓഫീസി​ൽ യോഗം വി​ളി​ച്ചി​ട്ടുണ്ട്.

• വാടകയില്ല, ബുക്കിംഗ് തുടങ്ങി

ചങ്ങമ്പുഴ പാർക്കിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാം. വാടകവേണ്ട. കസേരകളും ഭേദപ്പെട്ട സൗണ്ട് സംവിധാനങ്ങളും ലഭിക്കും. പ്രേക്ഷകർ ഗാരന്റിയാണ്. മുൻകൂട്ടി ബുക്ക് ചെയ്യണമെന്നേയുള്ളൂ. ജനറേറ്റർ ഉപയോഗിച്ചാൽ ഡീസൽ ചെലവ് വഹിക്കണം.

• അംഗത്വമെടുക്കാം

പി. പ്രകാശ് പ്രസിഡന്റും ടി.ജി. രവി സെക്രട്ടറി​യുമായ 25അംഗ സമിതി നയിക്കുന്ന ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രമാണ് പാർക്കിലെ പരിപാടികൾ കൈകാര്യം ചെയ്യുന്നത്. 3000രൂപ നൽകി​യാൽ കേന്ദ്രത്തി​ൽ ആജീവനാംഗമാകാം. വി​വരങ്ങൾക്കും ബുക്കിംഗി​നും ഫോൺ: 9387089987.