കൊച്ചി: പുതുവൈപ്പുകാരൻ ജോസഫ് അട്ടിപ്പേറ്റിയുടെ 40 സെന്റിലെ ബോൺസായ് സാമ്രാജ്യത്തിൽ നിറയെ ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന കുഞ്ഞൻ തെങ്ങുകളാണ്. ആറു മുതൽ പത്ത് വരെ അടി തലപ്പൊക്കമുണ്ടെങ്കിലും എല്ലാത്തിന്റെയും പ്രായം 40ന് മുകളിലാണ്. 70 ബോൺസായ് തെങ്ങുകളിൽ പലതിലും മോശമല്ലാത്ത കായ്ഫലവുമുണ്ട്. തേങ്ങ ചെറുതാണെങ്കിലും മധുരംകൂടും. ഒപ്പം ബോൺസായ് ചെയ്ത കല്ലാൽ, പേരാൽ, അരയാൽ, സ്‌പോഞ്ചാൽ തുടങ്ങി 150ലേറെ മരങ്ങളും.
തെങ്ങുകൾ നൂറ് ആക്കുന്നതിനൊപ്പം ഒരു കുടം കള്ള് ചെത്തണമെന്നാണ് മുൻ സൈനിക ഉദ്യോഗസ്ഥനായ ഈ അറുപത്തെട്ടുകാരന്റെ മോഹം. 150 വർഷം പിന്നിട്ട കൃഷ്ണാലാണ് 'മൂപ്പൻ". 2009ൽ 50,000 രൂപ കൊടുത്ത് തൃശൂർ സ്വദേശിയിൽ നിന്നാണ് ഇതു വാങ്ങിയത്. 2023ൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരവും ജോസഫിന് ലഭിച്ചു.
40 വർഷം മുമ്പ് യാദൃച്ഛികമായി പരിചയപ്പെട്ട ഇടപ്പള്ളിക്കാരൻ ബാലചന്ദ്രനാണ് ആലും പനയും പുളിയും ഉൾപ്പെടെയുള്ള മരങ്ങളെ ചട്ടിയിലൊതുക്കുന്ന വിദ്യ ജോസഫിനെ പഠിപ്പിച്ചത്. ഒപ്പം ചട്ടിയിൽ പന്തലിച്ച പുളിമരവും ആലും ബോൺസായ് വിദ്യയെക്കുറിച്ചുള്ള പുസ്തകവും സമ്മാനമായി നൽകി. പുസ്തകത്തിലെ അറിവുകൾ പ്രയോഗിച്ചപ്പോൾ വീടിനകത്തും പുറത്തും കുഞ്ഞൻ മരങ്ങൾ നിറഞ്ഞു. ഭാര്യ: വി.എ. ട്രീസ(റിട്ട. അദ്ധ്യാപിക). മക്കൾ: അമൽ, പുരോഹിതനായ വിമൽ.
തുടക്കം തായ്‌വേര് കളഞ്ഞ്
ചെടിയുടെ തായ്‌വേര് കളഞ്ഞ് ചട്ടിയിൽ നടുക. വെയിലേൽക്കാതെ മൂന്നാഴ്ച പരിചരിക്കണം.
എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് വളം.
മൂന്നുവർഷം കൂടുമ്പോൾ ചെടി പറിച്ചെടുത്ത് വേരുകളുടെ മൂന്നിലൊന്ന് നീളം കുറയ്ക്കും
വലിയ ശിഖരങ്ങൾ വെട്ടിക്കളയും. വേരും ശിഖരവും ഒരേ സമയം മുറിക്കില്ല.
മരം വളരുന്നതിനുസരിച്ച് വലിയ ചട്ടിയിലേക്കു മാറ്റണം.
മരങ്ങളെ നേരെയും ചെരിച്ചും വളർത്താം
ഇതിന് ഏറ്റവും യോജിച്ചത് തെങ്ങ്