കൊച്ചി: മാനേജ്മെന്റിന്റെ അവഗണനയ്ക്കെതിരെ ഇടതുപക്ഷ തൊഴിലാളി യൂണിയനുകൾക്കുമുമ്പിൽ ദയാഹർജിയുമായി വെയർഹൗസിംഗ് കോർപ്പറേഷനിലെ പെൻഷൻകാർ.
അർഹമായ പെൻഷൻ ആവശ്യപ്പെട്ട് 85 വയസു വരെ പ്രായമുള്ള 603 പേർ രണ്ടുപതിറ്റാണ്ടിലേറെയായി കോടതി കയറിയിറങ്ങുന്നു.
കേരള ഹൈക്കോടതി 108 തവണ മാറ്റിവച്ച കേസ് കഴിഞ്ഞമാസം ഒത്തുതീർപ്പിനായി മീഡിയേഷന് വിട്ടെങ്കിലും കോർപ്പറേഷൻ അധികൃതർ സഹകരിക്കുന്നില്ലെന്നാണ് പരാതി.
ജീവനക്കാർ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന ശമ്പളത്തിന്
ആനുപാതികമായി പെൻഷൻ ലഭിക്കണമെന്നാണ് കോർപ്പറേഷന്റെ നിയമം. എന്നാൽ, 1992ലെ ശമ്പളത്തിന് അനുസരിച്ചാണ് പെൻഷൻ. ക്ഷാമബദ്ധയിലും വർദ്ധനവില്ല. ഇത് നീതി നിഷേധമാണെന്നും മുഴുവൻ ജീവനക്കാർക്കും അർഹമായ പെൻഷൻ ലഭിക്കണമെന്നാണ് ആവശ്യം. 2017ൽ സുപ്രീം കോടതി ഹർജിക്കാർക്ക് അനുകൂലമായി വിധിച്ചകേസ് കോർപ്പറേഷൻ അധികൃതരുടെ പിടിവാശിമൂലമാണ് വീണ്ടും ഹൈക്കോടതിയിൽ എത്തിയത്.
വ്യവഹാരത്തിന്റെ നാൾ വഴികൾ
2001ലാണ് കോർപ്പറേഷൻ നിയമം അനുസരിച്ച് പെൻഷൻ കിട്ടണമെന്ന് ആവശ്യപ്പെട്ട് അതിനുമുമ്പ് വിരമിച്ച ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
2017ൽ കോടതി ഹർജിക്കാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.
കോടതിവിധി നടപ്പിലാക്കണമെന്ന് കാട്ടി സംസ്ഥാന സർക്കാർ ഉത്തരവും ഉണ്ടായി. എന്നാൽ കോർപ്പറേഷൻ ഭരണസമിതി ഈ ഉത്തരവ് പരിഗണിച്ചില്ല.
പെൻഷൻകാർ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി ഉടൻ നടപ്പിലാക്കുമെന്ന് കോർപ്പറേഷൻ മാനേജ്‌മന്റ് അറിയിച്ചതിനെത്തുടർന്ന് ഈ ഹർജി പിൻവലിച്ചു. എന്നാൽ കോർപ്പറേഷൻ വീണ്ടും പഴയനിരക്കിലാണ് പെൻഷൻ നൽകിയത്. ഹർജിക്കാർ ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയിൽ ഡയറക്ഷൻ പെറ്റീഷൻ ഫയൽചെയ്തു. ഈ ഹർജി തുടർ നടപടിക്കായി കേരള ഹൈക്കോടതിയിലേക്ക് റഫർ ചെയ്തു. 2018 ഏപ്രിൽ 1 വരെയുള്ള ക്ഷാമബദ്ധയടക്കം കുറഞ്ഞത് 5000രൂപയും പരമാവധി 15500രൂപയും പെൻഷൻ നൽകണമെന്ന് ഹൈക്കോടതി വിധിച്ചു.
അത് വരെയുള്ള കുടിശിക 3 മാസ
ത്തിനകം നൽകാനും കോടതി നിർദ്ദേശിച്ചു. ഇതിനെതിരെ വെയർഹൗസിംഗ് കോർപ്പറേഷൻ ഫയൽ ചെയ്ത അപ്പീലും അതിനെതിരായ പെൻഷൻകാരുടെ ഹർജിയുമാണ് 108 തവണ മാറ്റിവച്ചശേഷം മീഡിയേഷന് വിട്ടത്.
''നിലവിൽ വെയർഹൗസിംഗ് കോർപ്പറേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ചെയർമാൻ കൂടിയായ വാഴൂർ സോമൻ എം.എൽ.എ കോർപ്പറേഷന്റെ ചെയർമാൻ ആയിരുന്നകാലത്താണ് കോടതിവിധി അട്ടിമറിച്ച് തൊഴിലാളി ദ്രോഹനടപടി സ്വീകരിച്ചത്.''
:ടി.പി. പീതാമ്പരൻ
കെ.എസ്. ഡബ്ല്യു.സി പെൻഷണർ