അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പുനർനിർമ്മിച്ച മുരിങ്ങൂർ​​​-ഏഴാറ്റുമുഖം പി.ഡബ്ലു.ഡി റോഡ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 1 കോടി 80 ലക്ഷം രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. മുരിങ്ങൂർ-ഏഴാറ്റുമഖം റോഡിന്റെ മുന്നൂർപിള്ളി മുതൽ പ്രക്യതിഗ്രാമം വരെയുള്ള ഭാഗം കാലങ്ങളായി പൊതുമരാമത്ത് വകുപ്പ് തൃശൂർ ഡിവിഷന് കീഴിലായിരുന്നു. അതിനാൽ എറണാകുളം ജില്ലയിൽപ്പെട്ട റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുക ലഭ്യമായിരുന്നില്ല. എം.എൽ.എ ഇടപെട്ട് റോഡ് എറണാകുളം ഡിവിഷന് കീഴിലേക്ക് മാറ്റുകയും പണം അനുവദിച്ച് പുനർനിർമ്മിക്കുകയുമായിരുന്നു. ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കും അതിരപ്പിള്ളിയിലേക്കും പോകുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ് ഈ റോഡ്.

ഉദ്ഘാടന ചടങ്ങിൽ കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഷൈനി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, പഞ്ചായത്ത് അംഗങ്ങളായ ജോണി മൈപ്പാൻ, കെ.പി.അയ്യപ്പൻ, മിനി ഡേവിസ്, റോസി പോൾ, മേരി പൈലി, ഏഴാറ്റുമുഖം പള്ളി വികാരി ഫാദർ പീറ്റർ തിരുതനത്തിൽ, ഷാജു വി. തെക്കേക്കര, കെ.പി. പോളി, പി.എ. ജോയി, എ.ഡി. പോളി, എൻ.വി. ഷാജു, പി.പി. ജോബി , പി.വി. മാർട്ടിൻ , പി.എ. ജോമോൻ കെ.പി. അശോകൻ എന്നിവർ പങ്കെടുത്തു.