കൊച്ചി: കൊച്ചിയുടെ ജൂതചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബത്തിലെ അവശേഷിക്കുന്ന ഒരാളായിരുന്നു ഇന്നലെ നിര്യാതയായ ക്വീനി കോഡർ ഹലേഗ്വ. ഒരു നൂറ്റാണ്ട് മുമ്പ് കൊച്ചിയിലെ ഏറ്റവും സമ്പന്നകുടുംബമായിരുന്നു കോഡർ കുടുംബം. അവിടെ സാട്ടു കോഡറിന്റെയും ഗ്ളാഡിസിന്റെയും മകളായിരുന്നു ക്വീനി.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളുടെ ഏജന്റുമാരും കേരളത്തിലെ ആദ്യവൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു സാട്ടു കോഡർ. എറണാകുളത്തെ പ്രശസ്തമായ സീലോർഡ് ഹോട്ടൽ കോഡർ നിർമ്മിച്ചതാണ്.
ചേർത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുക്കളായിരുന്ന ഹലേഗ്വ കുടുംബത്തിലെ സാമുവൽ ഹലേഗ്വയേയാണ് ക്വീനി വിവാഹം കഴിച്ചത്. ശേഷം ഏറെക്കാലം ചേർത്തല വെട്ടക്കൽ ഭർത്താവിനൊപ്പമായിരുന്നു താമസം. ഇപ്പോഴും ഈ മേഖലയിൽ നൂറുകണക്കിന് ഏക്കർ ഭൂമി ക്വീനിയുടെ പേരിലുണ്ടെങ്കിലും ഇവരുടെ കൈവശമല്ല.
എസ്.കോഡർ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു ഇവർ. കോഡറുടെ മരണശേഷം ബിസിനസ് ക്ഷയിച്ചു. ക്വീനി പിന്നീട് കൊച്ചിയിലെ പ്രശസ്തമായ കോഡർ കുടുംബവീടായ കോഡർ ഹൗസിലേക്ക് താമസം മാറി. പിന്നീട് കോഡർ ഹൗസ് ക്വീനി വിറ്റു.
2009ൽ സാമുവൽ ഹലേഗ്വ മരിക്കും വരെ എല്ലാ വർഷവും ഇസ്രയേലിലേക്കും അമേരിക്കയിലേക്കും ഇരുവരും യാത്ര നടത്താറുണ്ടായിരുന്നു. അതിസമ്പന്ന കുടുംബത്തിൽ പിറന്നിട്ടും സാധാരണക്കാരെ പോലെ പെരുമാറിയിരുന്ന ക്വീനിയും സാമുവേലും ജൂത സിനഗോഗിന്റെയും സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണ് അവസാനം വരെ പ്രവർത്തിച്ചത്.
കൊച്ചിയോട് വിടപറയാതെ
ഒപ്പമുണ്ടായിരുന്നരിൽ ഏതാണ്ടെല്ലാവരും വാഗ്ദത്തഭൂമിയിലേക്ക് പലപ്പോഴായി ചേക്കേറിയപ്പോഴും കൊച്ചിയോട് വിടപറയാൻ ക്വീനി തയ്യാറായില്ല. തന്റെ പൂർവ്വികരുടെ മണ്ണ് ഇതാണെന്നായിരുന്നു അവരുടെ നിലപാട്. ഭർത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികിൽ അന്തിയുറങ്ങണമെന്നുമായിരുന്നു ആഗ്രഹം. 2022ആഗസ്റ്റിൽ സാറാ കോഹന്റെ മരണശേഷം ക്വീനിയും കീത്തും മാത്രമായി കൊച്ചിയിലെ ജൂതർ.
ഇനി കീത്ത് ഹലേഗ്വ മാത്രം
ഇനി കൊച്ചിയിൽ അവശേഷിക്കുന്ന ഏകപരദേശി ജൂതനാണ് 65 കാരനായ കീത്ത് ഹലേഗ്വ. സിനഗോഗിന് സമീപമാണ് കീത്തിന്റെ താമസം. തന്റെ നാട് ഇവിടം തന്നെയെന്നതാണ് കീത്തിന്റെയും നിലപാട്. ജൂത സുഹൃത്തുക്കളെല്ലാം ഇസ്രയേലിലേക്കും പാശ്ചാത്യരാജ്യങ്ങളിലേക്കും പോയപ്പോൾ ഇദ്ദേഹം തയ്യാറായില്ല. ആവശ്യത്തിന് ജൂതപങ്കാളിത്തം ഇല്ലാത്തതിനാൽ ചരിത്രപ്രാധാന്യമുള്ള ജൂതസിനഗോഗിൽ പ്രാർത്ഥനാ ചടങ്ങുകൾ മുടങ്ങിയിട്ട് വർഷങ്ങളായി.