കൊച്ചി: നഗരസഭ 46-ാം ഡിവിഷൻ ചക്കരപ്പറമ്പ് കൊറ്റംകാവ് ഭഗവതി ക്ഷേത്രത്തിൽ ദേവഹരിതം പദ്ധതി നടപ്പിലാക്കി. ക്ഷേത്രത്തിൽ പൂജയ്ക്ക് ആവശ്യമായി വരുന്ന നാരകം, വെറ്റില, തെറ്റിപൂവ്, ചന്ദനം, രുദ്രാക്ഷം എന്നിവ ക്ഷേത്രാങ്കണത്തിൽ നട്ടുപിടിപ്പിച്ചു. ദേവാലയങ്ങളിലെ തരിശുഭൂമികൾ കണ്ടെത്തി പച്ചത്തുരുത്ത്, കൃഷി എന്നിവ നടപ്പിലാക്കുകയാണ് ഹരിത കേരളം മിഷൻ ദേവഹരിതം പദ്ധതി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനിഷ് രുദ്രാക്ഷമരം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ബി. ഹർഷൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി പദ്ധതി വിശദീകരിച്ചു. മേൽശാന്തി സി.ആർ. രതീഷ്, വനിതാസംഘം പ്രസിഡന്റ് സുജാത തങ്കപ്പൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസ നിഷാദ്, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബാബു പൊന്നോത്ത്, സെക്രട്ടറി എം.ആർ. ബ്രെൽവി എന്നിവർ സംസാരിച്ചു. വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഭക്തജനങ്ങൾ സമർപ്പിച്ച 15,000 രൂപ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് കൈമാറി.