ആലുവ: നിർദ്ദിഷ്ട ആലുവ മാർക്കറ്റ് സമുച്ചയ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലാകുമോയെന്ന് ഇന്നറിയാം. ഒഴിപ്പിക്കലിനെതിരായ വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നഗരസഭക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായില്ലെങ്കിൽ കേന്ദ്ര സർക്കാർ അനുവദിച്ച 50 കോടി രൂപയുടെ പദ്ധതി ലാപ്സായിപ്പോകുമോയെന്നും ആശങ്കയുണ്ട്. പത്ത് വർഷത്തോളം നീണ്ട ശ്രമത്തിനൊടുവിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതി നഗരസഭക്ക് നേടിയെടുക്കാനായത്.

പദ്ധതി പ്രദേശത്ത് നിന്ന് ഒഴിയണമെന്ന നഗരസഭയുടെ നിർദേശത്തിനെതിരെ 51 വ്യാപാരികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. ഹൈക്കോടതിക്ക് പുറമെ ആലുവ മുൻസിഫ് കോടതിയിലും വ്യാപാരികളുടെ സമാന ഹർജിയുണ്ട്. നിർമ്മാണത്തിന് മുന്നോടിയായി പദ്ധതി പ്രദേശത്തെ താത്കാലിക ഷെഡുകൾ ആഗസ്റ്റ് ഒമ്പതിനകം നീക്കണമെന്ന് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതുവരെ ഒഴിയാൻ കച്ചവടക്കാർ തയ്യാറായിട്ടില്ല. പത്ത് വർഷം മുമ്പ് പഴയ കെട്ടിടം പൊളിച്ചപ്പോൾ ഉണ്ടായിരുന്ന കച്ചവടക്കാരാണ് താത്കാലിക ഷെഡിൽ കച്ചവടം നടത്തുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽ നിന്ന് 30 കോടിയും സംസ്ഥാന സർക്കാരിൽ നിന്ന് 20 കോടിയുമാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. പദ്ധതി പ്രദേശത്ത് നിർമ്മാണം നടക്കാത്ത സ്ഥലത്ത് കച്ചവടം അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

നഗരസഭ പദ്ധതി പ്രദേശത്ത് കച്ചവടം അനുവദിക്കാനാകില്ല. എന്നാൽ പൊലീസിൻെറ സഹായത്തോടെ ബലപ്രയോഗം നടത്തി വ്യാപാരികളെ ഒഴിപ്പിക്കാനും നഗരസഭ ശ്രമിക്കില്ല. പദ്ധതി വൈകുന്നത് ആലുവയ്ക്ക് കനത്ത നഷ്ടം വരുത്തും.

എം.ഒ. ജോൺ

ചെയർമാൻ

ആലുവ നഗരസഭ