biji

മൂവാറ്റുപുഴ: വരകളുടെ ലോകത്ത് വിസ്മയം തീർത്ത് കോതമംഗലം സ്വദേശി ബിജി ഭാസ്കർ. പോത്താനിക്കാട് താമസമാക്കിയ ബിജി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് 2002ൽ ചിത്രകലയിൽ നാഷണൽ ഡിപ്ലോമ നേടിയ ശേഷം ചിത്രരചനയിൽ സജീവമാകുകയായിരുന്നു. അക്രിലിക്കിലും ഓയിലിലുമാണ് കൂടുതലായി ചിത്രങ്ങൾ വരയ്ക്കുന്നത്. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള ആശയ വിനിമയങ്ങളാണ് ബിജിയുടെ ചിത്രങ്ങളിലെ പ്രധാന വിഷയം. കേരള ലളിതകലാ അക്കാഡമി, കേന്ദ്ര ലളിതകലാ അക്കാഡമി, മുംബൈ ജഹാംഗീർ ആർട്ട് ഗാലറി, വിദേശ രാജ്യങ്ങളായ മെക്സിക്കോയിലെയും അമേരിക്കയിലെയും വിവിധ സിറ്റികളിലുള്ള ഗാലറികളുൾപ്പെടെ 50ഗ്രൂപ്പ് എക്സിബിഷനുകളും, മട്ടാഞ്ചേരി ഇന്ദ്രിയം ആർട്ട് ഗാലറിയിൽ ഒരു ഏകാംഗപ്രദർശനവും നടത്തിയിട്ടുണ്ട്. 2014 ൽ ആർട്ട് മെസ്ട്രോ അവാർഡും 2021-22 വർഷത്തെ കേരള ലളിതകലാ അക്കാ‌ഡമിയുടെ മികച്ച ഭൂപ്രകൃതി ഛായാചിത്ര വിഭാഗത്തിനുള്ള വി. ശങ്കരമേനോൻ എൻഡോവ്മെന്റ് ഗോൾഡ് മെഡലും ലഭിച്ചു. 2023-24 ലെ കേരള സംസ്ഥാന ബജറ്റായ ജെൻഡർ ആൻഡ് ചൈൽഡ് ബജറ്റിന്റെ മുഖചിത്രമായി കുട്ടിക്കാലം എന്ന ചിത്രം തിരഞ്ഞെടുത്തു. പോത്താനിക്കാട് ആർട്ട് ഗാലറി സ്വന്തമായുണ്ട്. പണ്ടാലിൽ വീട്ടിൽ ഭാസ്കരന്റേയും രുക്മിണിയുടെയും മകനാണ്. ഭാര്യ ലിനി. ഏകമകൾ ബി . കൃഷ്ണ ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്.