കൊച്ചി: കൊച്ചിയിലെ പരദേശി ജൂത സമൂഹത്തിൽ അവശേഷിച്ചിരുന്ന രണ്ടു പേരിൽ ക്വീനി കോഡർ ഹലേഗ്വ (89) നിര്യാതയായി. ഇന്നലെ മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ക്വീനിയുടെ അനന്തരവൻ കീത്ത് ഹലേഗ്വ മാത്രമാണ് ഇനിയുള്ളത്.
കൊച്ചിയിലെ ഏറ്റവും സമ്പന്നനും വ്യവസായ പ്രമുഖനുമായിരുന്ന എസ്. കോഡറുടെ മകളായി ഫോർട്ടുകൊച്ചിയിലാണ് ക്വീനി പിറന്നത്. കോഡർ കുടുംബത്തിലെ തന്നെ വൻ ഭൂവുടമയായ സാമുവൽ ഹലേഗ്വയെ വിവാഹം കഴിച്ചു. ഏറെക്കാലം ചേർത്തല വെട്ടക്കലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 2018 വരെ മട്ടാഞ്ചേരി ജൂത സിനഗോഗിന്റെ മാനേജിംഗ് ട്രസ്റ്റിയും വാർഡനുമായിരുന്നു ക്വീനി. പിതാവിന്റെ എസ്. കോഡർ കമ്പനിയുടെ ഡയറക്ടർ ബോർഡംഗവുമായിരുന്നു.
മട്ടാഞ്ചേരി ജൂതസിനഗോഗിന് സമീപത്തെ സെമിത്തേരിയിൽ ഇന്നലെ വൈകിട്ട് സംസ്കാരം നടത്തി. മക്കൾ: ഡോ. ഡേവിഡ് ഹലേഗ്വ (ലോസ് എഞ്ചലസ്), ഫിയോണ ഹലേഗ്വ (ന്യൂയോർക്ക്)
പശ്ചാത്യലോകത്ത് നിന്ന് വ്യാപാരാർത്ഥം 15ാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ജൂതരെയാണ് പരദേശി ജൂതരെന്ന് വിളിക്കുന്നത്. അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് പശ്ചിമേഷ്യയിൽ നിന്നെത്തിയ ജൂതർ കറുത്ത ജൂതന്മാർ എന്നാണ് അറിയപ്പെടുന്നത്. ഇരുകൂട്ടരും തമ്മിൽ മതപരമായി ഇടപഴകാറില്ലായിരുന്നു. സിനഗോഗുകളും വേറെയായിരുന്നു, കറുത്ത ജൂതന്മാരിൽ ഏതാനും പേർ മലബാറിലും കൊച്ചിയിലും ഇപ്പോഴുമുണ്ട്.