പറവൂർ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനും ശേഷം വെയിൽ കനത്തതോടെ ഏത്തവാഴകൾ കരിഞ്ഞുണങ്ങുന്നു. പുത്തൻവേലിക്കര പഞ്ചായത്തിലെ തീരപ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളിലാണ് കൂടുതലായി ഏത്തവാഴകൾ കരിയുന്നത്. താഴത്തെ ഇലകളാണ് ആദ്യം വാടി പഴുക്കുന്നത്. തുടർന്ന് മുകളിലെ ഇലകളും പഴുക്കും. ഇതോടെ വാഴയുടെ എല്ലാ ഇലകളും കരിഞ്ഞ് വളർച്ച മുരടിക്കും. റോബസ്റ്റക്കും, ഞാലിക്കും ഇല പഴുക്കുന്നുണ്ടെങ്കിലും വളർച്ച മുരടിക്കുന്നില്ല. വളവും കൂടുതൽ ജലസേചനവും നൽകിയിട്ടും കാര്യമായ മാറ്റമില്ലെന്ന് കർഷകർ പറയുന്നു. പ്രളയകാലത്ത് തുടർച്ചയായി രണ്ട് വർഷവും കൃഷി നഷ്ടത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ കർഷകർക്ക് മെച്ചപ്പെട്ട വിളവ് ലഭിച്ചിരുന്നു. ഇതോടെയാണ് കർഷകർ ഏത്തവാഴ കൃഷിയിൽ കൂടുതൽ സജീവമായത്. പുത്തൻവേലിക്കര തേലത്തുരുത്തിൽ അംബേദ്കർ സ്വാശ്രയ കർഷക സമിതി കൃഷി ചെയ്തിട്ടുള്ള ഏത്തയും റോബസ്റ്റയുമടക്കം രണ്ടായിരത്തോളം വാഴകളാണ് പഴുപ്പ് കയറി ഇലകരിഞ്ഞ അവസ്ഥയിലായിരിക്കുന്നത്.