തൃപ്പൂണിത്തുറ: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ജീവനക്കാരും ഒരുമിച്ച് ചേർന്നപ്പോൾ സമാഹരിച്ചത് ഒൻപതുലക്ഷം രൂപ. ചേർത്തലയിൽ നടന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ, അനിൽകുമാർ, എൽ. സന്തോഷ്, ഡി. ജിനുരാജ്, സ്റ്റാഫ് സെക്രട്ടറി അമ്പിളി രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മന്ത്രി വി.എൻ. വാസവന് തുക കൈമാറി.
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ എസ്.എൻ.ഡി.പി സ്കൂൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മാതൃക സൃഷ്ടിച്ചിട്ടുണ്ട്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ 52 ലക്ഷംരൂപ നൽകിയിരുന്നു.