photo

വൈപ്പിൻ: ഗജസേന ആനപ്രേമി സംഘം ചെറായി ശ്രീഗൗരീശ്വര ക്ഷേത്ര മൈതാനിയിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് 13 ആനകളെ അണിനിരത്തി ആനയൂട്ട് നടത്തി. രാവിലെ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ സമേത പ്രത്യക്ഷ ഗണപതി ഹോമത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ഗജപൂജയ്ക്ക് ശേഷം ക്ഷേത്രമൈതാനിയിൽ അണിനിരന്ന ആനകൾക്ക് ആനയൂട്ട് നടത്തി.
പുതുപ്പള്ളി സാധു, തേക്കിൻതോട്ടം മീര, കുമാരനല്ലൂർ പുഷ്പ, ചാന്നാനിക്കാട് ഷീല, കേളശ്ശേരി കണ്ണൻ, ഓതറ ശ്രീപാർവ്വതി, വേണാട്ടുമറ്റം കല്ല്യാണി, കുന്നത്തൂർ കുട്ടിശ്ശങ്കരൻ, വേണാട്ടുമറ്റം ഗോപാലൻകുട്ടി, ഗുരുവായൂർ ഗോകുൽ, ഗുരുവായൂർ ബാലകൃഷ്ണൻ, ഗുരുവായൂർ രാജശേഖരൻ, പീച്ചിയിൽ രാജീവ്, എന്നീ ആനകൾക്കാണ് ആനയൂട്ട് നടത്തിയത്.
ഹൈബി ഈഡൻ എം.പി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർമാരായ വി.ജി. രവീന്ദ്രൻ, വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ മായാദേവി, പളളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ,കെ.ആർ. സുഭാഷ്, ലതിക സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.