നെടുമ്പാശേരി: 'എന്റെ ബാഗിൽ ബോംബൊന്നും ഇല്ലല്ലോ"യെന്ന് തമാശ പൊട്ടിച്ച യാത്രക്കാരൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായി. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് വിമാനയാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ രാവിലെ 6.40ന് എയർ ഇന്ത്യയുടെ മുംബായ് വിമാനത്തിൽ പുറപ്പെടാനെത്തിയ മനോജ് കുമാർ (42) ആണ് പിടിയിലായത്.
എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തിന്റെ സുരക്ഷാ പരിശോധന നീണ്ടപ്പോഴായിരുന്നു മനോജിന്റെ പ്രതികരണം. ചോദ്യം ആവർത്തിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ മനോജിനെ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. സുരക്ഷാഭീഷണിയില്ലെന്ന് ഉറപ്പാക്കിയ ശേഷം ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. വിമാനം കൃത്യസമയത്ത് തന്നെ മുംബയിലേക്ക് പുറപ്പെട്ടു.
സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.