പെരുമ്പാവൂർ: വയനാട് ദുരന്തബാധിതർക്ക് സാന്ത്വനമേകാനുള്ള ധനസമാഹരണത്തിനായി പെയിന്റിംഗുകൾ ഓൺലൈനിൽ ലേലത്തിൽ വച്ച് പെരുമ്പാവൂർ സ്വദേശിയായ ചിത്രകാരൻ ഷാനവാസ് മുടിക്കൽ. വരച്ചതിൽ ഏറ്റവും പ്രിയപ്പെട്ട രണ്ട് ചിത്രങ്ങളാണ് ലേലത്തിൽ വച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം അക്രിലികിൽ തീർത്ത ഗീതാഗോവിന്ദം എന്ന ചിത്രമാണ്. ഓടക്കുഴൽ വായിക്കുന്ന രാധയും അത് ആസ്വദിക്കുന്ന കൃഷ്ണനും പ്രകൃതിയുമാണ് ഈ ചിത്രത്തിൽ. 3 അടി ഉയരത്തിലും 2 അടി വീതിയിലുമുള്ള ചിത്രത്തിന് അടിസ്ഥാന വില 7000 രൂപയാണ്. രണ്ടാമത്തെ ചിത്രം വാട്ടർകളറിൽ തീർത്ത പെരിയാറാണ്. ഒന്നര അടി ഉയരവും ഒരടി വീതിയിലും തീർത്തിരിക്കുന്ന ചിത്രത്തിന്റെ അടിസ്ഥാന വില 5000 രൂപയാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 16ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഷാനവാസിന്റെ 9961155199 എന്ന വാട്സാപ്പ് നമ്പറിലേക്ക് മറുപടിയും തുകയും എഴുതി അറിയിക്കുക. ലേലത്തിൽ വിജയിക്കുന്നവർക്ക് 16-ാം തിയതിക്ക് ശേഷം ഒരു പൊതുചടങ്ങിൽ ചിത്രം കൈമാറുമെന്നും കിട്ടുന്ന തുക മുഴുവൻ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈമാറുമെന്നും ഷാനവാസ് പറഞ്ഞു.
കൊറോണ സമയത്ത് തന്റെ കാരിക്കേച്ചർ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷത്തിലേറെ രൂപ സമാഹരിക്കാനും ഷാനവാസിന് കഴിഞ്ഞു. 2017ലെ കേരളലളിതകലാ അക്കാഡമിയുടെ കാർട്ടൂർ സ്റ്റേറ്റ് ്അവാർഡ് ജേതാവായ ഷാനവാസിന് പെരുമ്പാവൂരിൽ ആർട്ട് സ്കൂളും ഗാലറിയുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ചിത്രകലയിൽ താത്പര്യം ഉണ്ടാക്കാനായി വരയും മൊഴിയും എന്ന പരിപാടിയും സംഘടിപ്പിക്കാറുണ്ട്.