കൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം തട്ടുകട നടത്തുന്നതിനെ ചൊല്ലി കൗൺസിലർ പദ്മജ എസ്. മേനോനും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. തട്ടുകട നടത്തുന്നതിന് ലൈസൻസ് എടുക്കണമെന്ന് കൗൺസിലർ പറഞ്ഞതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. വയനാട്ടിലെ ജനങ്ങൾക്ക് വീടുവച്ച് നൽകാനാണ് തട്ടുകട നടത്തുന്നതെന്നും ഇതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് ആവശ്യമില്ലെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞതായി പദ്മജ എസ്. മേനോൻ പറഞ്ഞു. തന്നെ അനുകൂലിച്ച് സംസാരിച്ച യാത്രക്കാരനെ പ്രവർത്തകർ മർദ്ദിച്ചതായും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റാകാൻ കൂട്ടാക്കാതെ വീട്ടിലേക്ക് പോയതായും കൗൺസിലർ പറഞ്ഞു.
എന്നാൽ ദുരിതബാധിതർക്കായി വീടുകൾ നിർമ്മിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം രാഷ്ട്രീയഭേദമെന്യേയാണ് ജനകീയ തട്ടുകട നടത്തുന്നതെന്നും അവിടെയാണ് സമരവുമായി കൗൺസിലർ എത്തിയതെന്നുമാണ് ആരോപണം. കൗൺസിലർ പറയുന്നതുപോലെ ആരെയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിട്ടില്ലെന്ന് എറണാകുളം ബ്ലോക്ക് സെക്രട്ടറി അമൽ സോഹൻ പറഞ്ഞു.