കൊച്ചി: നഗരത്തിലുള്ളവർക്ക് അന്നം വിളമ്പുന്ന കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി കിച്ചൺ വയനാടിനും കൈത്താങ്ങാകുന്നു. ഇന്ന് സമൃദ്ധിയിൽ ലഭിക്കുന്ന മുഴുവൻ തുകയും വയനാടിനായി നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സമൃദ്ധിയുടെ ഉദ്യമത്തിൽ എല്ലാവർക്കും പങ്കാളികളാകാം. ഭക്ഷണം വാങ്ങാത്തവർക്ക് അവരവർക്കാവുന്ന തരത്തിൽ യു.പി.ഐ വഴിയോ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വഴിയോ പണം നൽകാം. 'ഹൃദയപൂർവം വയനാടിന് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്." ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന വരുമാനം കൂടാതെ പുറമെ നിന്നുള്ള വരുമാനം കൂടി ആകുമ്പോൾ നല്ലൊരു തുക ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സമൃദ്ധി കിച്ചൺ അധികൃതർ പറഞ്ഞു.
പ്രതിദിനം ആയിരത്തിലധികം പേർക്കാണ് കുറഞ്ഞചെലവിൽ സമൃദ്ധിവഴി ഭക്ഷണം വിളമ്പുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് 24 മണിക്കൂറും പ്രവർത്തനമാരംഭിച്ചത്.
പ്രഭാതഭക്ഷണം, ഉച്ചയൂണ്, കഞ്ഞി, ബിരിയാണി എന്നിവയ്ക്ക് പുറമെ ചൈനീസ് ഭക്ഷണം, കപ്പ ബിരിയാണി എന്നിവയും വിൽക്കുന്നുണ്ട്. മൂവായിരത്തോളം പേർക്ക് ഇപ്പോൾ സമൃദ്ധിവഴി ഉച്ചയൂണ് നൽകുന്നുണ്ട്. ചോറിനൊപ്പം ചിക്കൻ, മീൻ, ബീഫ്, ചെമ്മീൻ എന്നിവ സ്പെഷ്യലുണ്ട്. 40 മുതൽ 100 വരെയാണ് വില.
നോർത്ത് പരമാരറോഡിലെ സമൃദ്ധി പത്തുരൂപയ്ക്ക് ഊണുമായി രണ്ടുവർഷം മുമ്പാണ് തുടക്കം. പിന്നീട് പ്രാതലും രാത്രി ഭക്ഷണവും തുടങ്ങി. സർക്കാർ സബ്സിഡി നിറുത്തിയതോടെ 10 രൂപ ഊണിന് 20 രൂപയാക്കി. ചായ, കാപ്പി, ദോശ, ഓംലെറ്റ്, ചപ്പാത്തി എന്നിവയാണ് രാത്രിയിൽ വിളമ്പുന്നത്. 100 രൂപയുടെ പൊതിച്ചോറും സമൃദ്ധിയിലൂടെ വിൽക്കുന്നുണ്ട്.
ചോറിനൊപ്പം ചിക്കൻ, ബീഫ്, ഓംലെറ്റ്, ഫിഷ്ഫ്രൈ, അവിയൽ, സാമ്പാർ, രസം, മീൻചാർ, പായസം എന്നിവ അടങ്ങുന്നതാണ് പൊതിച്ചോർ. പൊതിച്ചോർ കൂടാതെ 100രൂപയുടെ ബിരിയാണി, 60രൂപയ്ക്ക് കഞ്ഞി എന്നിവയും വിൽക്കുന്നുണ്ട്.
സമൃദ്ധി കിച്ചണ് തുടക്കം: 2വർഷം മുമ്പ്
പ്രവർത്തനം: 24 മണിക്കൂർ
ഊണിന് ₹ 20
പ്രതിദിനം വിൽക്കുന്ന ഏകദേശം ഊണ്- 3000
വയനാട്ടിലെ ജനങ്ങളെ കൈവിടാതെ അവർക്കായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. അതിനായി സമൃദ്ധിയും കോർപ്പറേഷനും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്.
ഷീബ ലാൽ
ചെയർപേഴ്സൺ
ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി
കൊച്ചി കോർപ്പറേഷൻ