fress-trees
എറണാകുളം ഇടപ്പള്ളിയിലെ ഫ്രീസ് ട്രീസ് ഗാർഡൻ ആൻഡ് കഫെയിൽ വളർത്ത് നായയുമായെത്തിയ അശ്വിനി

കൊച്ചി: നിങ്ങളെയും നിങ്ങളുടെ അരുമ മൃഗങ്ങളെയും ഒരുപോലെ സൽക്കരിക്കുന്ന റെസ്റ്റോറന്റുകൾ

കൊച്ചിയുടെ ഫാഷനായി.

റെസ്റ്റോറന്റുകളുടെ ഒരുഭാഗം ഇവർക്കായി വേർതിരിച്ചിരിക്കുകയാണ്.അവിടെ ഇരിപ്പിടങ്ങളോട് ചേർന്ന് അരുമകളെ കെട്ടാനും സൗകര്യമുണ്ട്.ഒപ്പമിരുത്താനാണ് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്യാം.

അരുമകൾക്ക് പ്രത്യേക മെനുവില്ലെങ്കിലും ആവശ്യപ്പെടുന്ന വിഭവങ്ങൾ തയ്യാറാക്കി നൽകും. പെറ്റ് ഫുഡ് പായ്‌ക്കറ്റ് ഉത്പന്നങ്ങളും ലഭിക്കും.

വളർത്തുപക്ഷികളെയും മൃഗങ്ങളെയും വാങ്ങാൻ സൗകര്യമുള്ള റെസ്റ്റോറന്റുകളുമുണ്ട്. അരുമകളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കും സൗകര്യം ലഭിക്കും. അരുമകളുമായി റെസ്റ്റോറന്റുകളിലെത്തുന്നവരിൽ സിനിമാതാരങ്ങളടക്കമുണ്ട്.

വളർത്തു മൃഗങ്ങളെ യാത്രകളിലും സായാഹ്നസവാരികളിലും ഒപ്പംകൂട്ടുന്നവർക്ക് കഫേകളിൽ കയറുക എളുപ്പമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് രണ്ടുവർഷം മുമ്പ് ഫോർട്ടുകൊച്ചിയിലെ ചില കോഫി ഷോപ്പുകൾ അതിനുള്ള സൗകര്യം ഒരുക്കിയത്. കൊച്ചിയിൽ നിരവധി റെസ്റ്റോറന്റുകളും കഫേകളും പെറ്റ് ഫ്രണ്ട് ലിയായിക്കഴിഞ്ഞു.

അരുമകളെ ഒപ്പംകൂട്ടുന്നവർ ധാരാളമുണ്ടെന്ന് വില്ലിംഗ്ഡൺ ഐലൻഡിലും ഇടപ്പള്ളിയിലും പ്രവർത്തിക്കുന്ന ഫ്രീസ് ട്രീസ് ഗാർഡൻ കഫേ ഉടമകൾ പറയുന്നു. യാത്ര ചെയ്യുന്നവർക്ക് പുറമെ സായാഹ്നസവാരിക്കാരും എത്താറുണ്ട്. നായകളുമായാണ് ഏറ്റവുമധികംപേർ വരുന്നത്. പൂച്ച, ഇണപ്പക്ഷികൾ എന്നിവയുമായും വരുന്നവരുണ്ട്.

വാരാന്ത്യങ്ങളിലാണ് ധാരാളം പേരെത്തുന്നതെന്ന് ഫോർട്ടുകൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗ്യാലറി ആൻഡ് കഫെ നടത്തിപ്പുകാർ പറയുന്നു. ഗ്യാലറിയിലെ കലാപ്രദർശനങ്ങൾ ആസ്വദിക്കാനെത്തുന്നവർ കൊണ്ടുവരുന്ന അരുമകൾക്ക് കായലോരത്ത് പ്രത്യേക വിശ്രമ സൗകര്യമുണ്ട്.

`അരുമകളുമായി പതിവായി ധാരാളം പേർ വരുന്നുണ്ട്. യാത്രകൾക്കിടെ ഭക്ഷണത്തിനും വിശ്രമത്തിനും വരുന്നവരുമുണ്ട്.'

-പെക്‌സൺ ജോസഫ്

ജനറൽ മാനേജർ

ഫ്രീസ് ട്രീസ് ഗാർഡൻ കഫേ

` നായകളുമായാണ് കൂടുതൽപേർ എത്തുന്നത്. അവയ്ക്കുള്ള ഭക്ഷണം തയ്യാറാക്കി നൽകാറുണ്ട്.'

-നിതീഷ്‌കുമാർ

അസിസ്റ്റന്റ് മാനേജർ

ഡേവിഡ് ഹാൾ

`കഫേയിൽ പെറ്റുമായെത്തി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും കഴിയുന്നത് സന്തോഷകരമാണ്.'

-അശ്വിനി