അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത; ഇടുക്കിയിൽ അലർട്ട് എന്ന കാലാവസ്ഥാ പ്രവചനം കേൾക്കുമ്പോഴേ പെരിയാർ നദീതീര നിവാസികളുടെ ചങ്കുപിടയും, കൈകാലുകൾ തളരും. മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ജലഭൂതം മാത്രമാണ് അതിനു കാരണം. അതിശക്തമായൊരു പ്രളയമുണ്ടായാൽ, അതിനൊപ്പം വനമേഖലയിൽ മണ്ണിടിച്ചിലോ ഭൂചലനമോ ഉണ്ടായാൽ താഴ്വരയിലേക്ക് കുത്തിയൊലിച്ചു വരുന്ന ജലപ്രവാഹം എന്തൊക്കെ നാശനഷ്ടമുണ്ടാക്കുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. അങ്ങനെ സംഭവിക്കില്ലെന്നു കരുതാൻ തക്ക കാരണങ്ങളുമില്ല. അതാണ് ചരിത്രം.
തൊണ്ണൂറ്റി ഒമ്പതിലെ (1924) വെള്ളപ്പൊക്കവും 1943-ലും 1961-ലും ഉണ്ടായ മഹാപ്രളയങ്ങളുമാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ അടിമുടി വിറപ്പിച്ച ചരിത്ര സംഭവങ്ങൾ. അന്ന് താഴ്വരയിലേക്ക് കുതിച്ചെത്തിയ ജലപ്രവാഹം കവർന്നെടുത്ത മനുഷ്യജീവനുകളുടെയൊ വസ്തുവകകളുടെയൊ കണക്കുകൾ അജ്ഞാതം. അക്കാലത്ത് പെരിയാർ തീരത്ത് ജനവാസം കുറവായിരുന്നു, വാർത്താ മാദ്ധ്യമങ്ങൾ ഇന്നത്തേതു പോലെ വ്യാപകമായിരുന്നില്ല. വൻകിട നിർമ്മിതികളൊന്നും ഉണ്ടായിരുന്നില്ല.
1924-ൽ ജൂലായ് 16,17 തീയതികളിലായിരുന്നു അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴയും വെള്ളപ്പൊക്കവും. അന്ന് 152 അടി വരെ പരമാവധി സംഭരണ ശേഷിയുണ്ടായിരുന്ന അണക്കെട്ടിൽ 153.90 അടി വരെ വെള്ളം പൊങ്ങി. സമുദ്രനിരപ്പിൽ നിന്ന് 1830 മീറ്റർ ഉയരത്തിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ നദി 48 കിലോമീറ്രർ പിന്നിട്ട് താഴ്വരയിലെത്തുമ്പോൾ മുല്ലയാറുമായി സംഗമിച്ച് വീണ്ടും 11 കിലോമീറ്റർ കൂടി ഒഴുകിയാണ് അണക്കെട്ടിലെത്തുന്നത്. അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 928 മീറ്റർ ഉയരത്തിലാണ് (ഉത്ഭവസ്ഥാനത്തുനിന്ന് MSL 902 മീറ്റർ താഴെ). അതുകൊണ്ടുതന്നെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന പ്രളയജലം അടിയന്തരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഓർമ്മയിലെ
മഹാപ്രളയം
1924 ജൂലായ് 16-ന്, അണക്കെട്ടിൽ ചുമതലുണ്ടായിരുന്ന ഡാം സൂപ്രണ്ട് ജെ. ജോൺസൺ പെട്ടന്നുണ്ടായ സാഹചര്യം നേരിടാൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന പോലുമില്ലാതെ തന്റെ വിവേചനാധികാരം മാത്രം ഉപയോഗിച്ച് അധിക ജലം പെരിയാറ്റിലേക്ക് തുറന്നുവിട്ടു. ഇങ്ങനെ ജലം തുറന്നുവിടുന്നതിനു മുമ്പ് കേരളത്തിലെയും തമിഴ്നാട്ടിലേയും ഉന്നത ഉദ്യോഗസ്ഥർക്ക് ടെലഗ്രാം സന്ദേശം അയ്ക്കണമെന്ന വ്യവസ്ഥയൊന്നും ഡാം സൂപ്രണ്ട് പരിഗണിച്ചില്ല. സ്പിൽവേയിലെ 10 ഷട്ടറുകളും പരമാവധി തുറന്നുവച്ച് വെള്ളം ഒഴുക്കി. സെക്കൻഡിൽ 89,217 ഘനയടി (ചരിത്രത്തിലെ ഏറ്റവും കൂടിയ അളവ്) എന്ന തോതിൽ പെരിയാറ്റിലേക്ക് ജലം തുറന്നുവിട്ടു.
എന്നിട്ടും പരിധിവിട്ട് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നു. അന്ന് ഇടുക്കി ജില്ലയിലാകെ കനത്ത മഴയായിരുന്നു. മൂന്നാർ മേഖലയിൽ പെയ്ത പേമാരിയും വെള്ളപ്പൊക്കവും ആദ്യത്തെ മലയോര റെയിൽവേ തച്ചുതകർത്തു. അതോടൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് പരധിയിലധികം ജലം തുറന്നുവിട്ടപ്പോൾ കാട്ടാനകൾ ഉൾപ്പെടെ ആലുവയിലൂടെ ഒലിച്ചുപോയ സംഭവം 99-ലെ വെള്ളപ്പൊക്കത്തിന്റെ ചരിത്രസാക്ഷ്യമാണ്.
എല്ലാം വിഴുങ്ങിയ
ജലപ്രവാഹം
1943 ജനുവരി മൂന്നിനുണ്ടായ പ്രളയത്തിൽ അണക്കെട്ടിലെ ജലനിരപ്പ് 154.80 അടിവരെ ഉയർന്നു. അന്ന് 1106.4 ദശലക്ഷം ഘനയടി വെള്ളമാണ് പെരിയാറിലേക്ക് തുറന്നുവിട്ടത്. പിന്നീട് 1961 ജൂലായ് മൂന്നിന് സെക്കൻഡിൽ 50,000 ഘനയടി വെള്ളം തുറന്നുവിട്ടു. ഇതിന്റെയെല്ലാം ദുരിതം അനുഭവിച്ചത് പെരിയാർ തീരവാസികൾ മാത്രമാണ്. 1907 ഒക്ടോബറിൽ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് വണ്ടിപ്പെരിയാറ്റിൽ ഉണ്ടായിരുന്ന നിരവധി കാളവണ്ടികളും ടൺ കണക്കിന് തേയിലയും നെല്ലും ഒലിച്ചുപോയതായും ഒരാൾ മരണപ്പെട്ടതായും തിരുവിതാംകൂർ ഭരണകൂടം മദ്രാസ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയ പഴയൊരു ചരിത്രവുമുണ്ട്. ഇതിനു ശേഷമാണ്, തിരുവിതാംകൂറിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ടെലഗ്രാം ചെയ്ത് അറിയിക്കാതെ അണക്കെട്ട് തുറക്കരുതെന്ന കർശന നിർദ്ദേശമുണ്ടായത്.
ഇത്തരം സന്ദർഭങ്ങളൊക്കെ വിലയിരുത്തിയാണ് 1979-ൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കേരള നിയമസഭ അടിയന്തര പ്രമേയം ചർച്ചചെയ്തത്. ഇതേ തുടർന്നാണ് സെൻട്രൽ വാട്ടർ കമ്മിഷൻ ഇടപെട്ട് ഡാമിന്റെ സംഭരണശേഷി പരമാവധി 136 അടിയായി കുറച്ചു. അന്ന് കമ്മിഷൻ നിർദ്ദേശിച്ച അറ്റകുറ്റപ്പണികളും ബലപ്പെടുത്തൽ ജോലികളും പൂർത്തിയാക്കിയെന്നും, ഇനി പഴയതു പോലെ 152 അടിയായി ജലനിരപ്പ് ഉയർത്തണമെന്നുമാണ് അന്നു മുതലുള്ള തമിഴ്നാടിന്റെ വാദം. അതു സംബന്ധിച്ച് 1998 മുതൽ നടന്നുവരുന്ന വ്യവഹാരങ്ങളാണ് ഇന്നും സുപ്രീംകോടതിയിൽ തുടരുന്നത്. ഇതിനിടെ 2006-ലും 2014-ലും തമിഴ്നാടിന് അനുകൂലമായ സുപ്രീംകോടതി വിധികളും ഉണ്ടായിട്ടുണ്ട്.
2014-ലെ സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിവരെ സംഭരിക്കാൻ തമിഴ്നാടിന് അനുമതിയുണ്ട്. എന്നാലും വ്യവഹാരങ്ങൾ അവസാനിക്കുന്നില്ല. പല കാരണങ്ങളാൽ ദുർബലമായ അണക്കെട്ടിലെ ജലനിരപ്പ് താത്കാലികമായി 120 അടിയിലേക്കു താഴ്ത്തി നിറുത്തുകയും, നിലവിലുള്ള അണക്കെട്ടിന്റെ 1300 അടി താഴെ, നേരത്തേ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പുതിയ അണക്കെട്ട് നിർമ്മിക്കുകയും വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ തർക്കം അനിശ്ചിതമായി നീണ്ടുപോകുന്നതിനിടയിൽ, ഓരോ മഴക്കാലവും പെരിയാർ തീരനിവാസികൾക്ക് ആശങ്കകളുടേതും ഭീതിയുടേതുമാണ്.
അനന്തര ഫലം
ആർക്കറിയാം?
1980-ൽ സെൻട്രൽ വാട്ടർ കമ്മിഷൻ നിർദ്ദേശിച്ച ശുപാർശയനുസരിച്ച് അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന സ്പിൽവേയിൽ 3മൂന്ന് ഷട്ടറുകൾ (ആകെ 13 ഷട്ടർ) കൂടി അധികമായി നിർമ്മിച്ചു. അതോടെ ഏത് അടിയന്തര സാഹചര്യത്തിലും സെക്കൻഡിൽ 1,27,000 ഘനയടി വീതം വെള്ളം തുറന്നുവിടാൻ സാധിക്കും. മതിലിൽ ഗേറ്റ് നിർമ്മിക്കുന്നതും, വീടിന് വാതിൽ ഉണ്ടാക്കുന്നതും ആവശ്യാനുസരണം അടയ്ക്കാനും തുറക്കാനുമാണ്. അണക്കെട്ടിന് സ്പിൽവേ ഷട്ടറുകൾ നിർമ്മിക്കുന്നതും അതേ ലക്ഷ്യത്തിലാണ്. അതുകൊണ്ട് 1924, 1943 വർഷങ്ങളിലേതു പോലെ ഇനിയുമൊരു പ്രളയമുണ്ടായാൽ ഷട്ടർ തുറന്ന് വലിയ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവരും. അതാകട്ടെ, സെക്കൻഡിൽ 1,27,000 ഘനയടി വരെ ആകാം.
ഇത്രയും കനത്ത ജലപ്രവാഹം ഉണ്ടായാൽ , അത് പെരിയാറിന്റെ തീരമേഖലകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ നാളിതുവരെ ഒരു ആധികാരിക പഠനവും നടന്നിട്ടില്ല. സെക്കൻഡിൽ ഒരുലക്ഷം ഘനയടിയിലേറെ ജലം ഒഴുകിയെത്തിയാൽ ഒലിച്ചുപോകാൻ സാദ്ധ്യതയുള്ള കുടുംബങ്ങൾ ഏതേത് ഇടങ്ങളിലെന്ന് ആരും അന്വേഷിക്കുന്നില്ല. അണക്കെട്ട് തകരുമോ ഇല്ലയോ എന്ന തർക്കത്തിനപ്പുറം,അണക്കെട്ട് തകരാതെ തന്നെ താഴ്വരയിൽ ദുരന്തം വിതയ്ക്കാൻ ഇടയുള്ള അധിക ജലപ്രവാഹത്തെ പ്രതിരോധിക്കാനുള്ള സംവിധാനം ഒരുക്കിയേ തീരൂ.
(തുടരും)