പറവൂർ: ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി പര്യടനത്തിന് ഭക്തസാന്ദ്രമായ തുടക്കം. ഇനിയുള്ള അഞ്ചുനാളുകൾ യൂണിയനിലെ 72 ശാഖായോഗങ്ങളിലും ദിവ്യജ്യോതി പ്രകാശിക്കും. ഗുരുദേവൻ ജ്വലിപ്പിച്ച ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ദിവ്യജ്യോതി പകർന്ന് യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണനും കൺവീനർ ഷൈജു മനയ്ക്കപ്പടിക്കും കൈമാറി. തുടർന്ന് യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അഖിൽ ബിനു ദിവ്യജ്യോതി ഏറ്രുവാങ്ങിയ ശേഷം നിരവധി യൂത്ത്മൂവ്മെന്റ് അത്‌ലറ്റുകളുടെയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ പറവൂർ മുനിസിപ്പൽ കവലയിൽ എത്തിച്ചു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റിഅംഗങ്ങൾ എന്നിവരും പോഷകസംഘടന, ശാഖായോഗം ഭാരവാഹികളും ഗുരുദേവഭക്തരും ചേർന്ന് സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയിൽ നഗരത്തിലൂടെ ഘോഷയാത്രയായി യൂണിയൻ ആസ്ഥാനത്ത് എത്തിച്ചു.
ദിവ്യജ്യോതി പര്യടനം ഇന്ന്
ശ്രീനാരായണ ദിവ്യജ്യോതി ഇന്ന് രാവിലെ പത്തിന് പറവൂർ മേഖലയിലെ പറവൂത്തറ - മാഞ്ഞാലി ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 10.45ന് തത്തപ്പിള്ളി, 11.30ന് തത്തപ്പിള്ളി - മന്നം, 12ന് കിഴക്കേപ്രം, 12.30ന് പറവൂർ ടൗൺ വെസ്റ്റ്, ഒരു മണിക്ക് പറവൂർ ടൗൺ, 2ന് വെസ്റ്റ് കിഴക്കേപ്രം, 2.45ന് കൈതാരം - കോട്ടുവള്ളി, 3.15ന് വെസ്റ്റ് കൈതാരം, 3.45ന് ഏഴിക്കര - കടക്കര, 4.15ന് നന്ത്യാട്ടുകുന്നം, 5ന് പെരുമ്പടന്ന, 5.30ന് കെടാമംഗലം ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും.